വ്യക്തിപരമായിട്ടുള്ള കാരണങ്ങള്‍ കൊണ്ടാണ് താന്‍ ബിജെപി വിട്ടതെന്ന് പത്മജ വേണുഗോപാല്‍. ബിജെപിയുടെ ആശയങ്ങളുമായി തന്‍റെ ആശയങ്ങള്‍ ചേര്‍ന്നുപോകില്ലെന്ന് തനിക്ക് ആദ്യം തന്നെ മനസിലായിരുന്നുവെന്നും എന്നാല്‍ ഒരു പാര്‍ട്ടിയിലേക്ക് ചേര്‍ന്ന ഉടന്‍ തന്നെ അത് വിട്ട് പോരുന്നത് മോശമായതുകൊണ്ട് തുടരുകയായിരുന്നുവെന്നും പത്മജ പറഞ്ഞു. കോണ്‍ഗ്രസിലേക്ക് തിരികെ പോകുമോ എന്നൊന്നും താന്‍ ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും നേതാക്കള്‍ ആരും അതിന് വേണ്ടി തന്നെ വിളിച്ചിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി.
സ്ഥാനമാനങ്ങളോ മറ്റോ ആരും തരാമെന്ന് പറഞ്ഞിട്ടല്ല താന്‍ ബിജെപിയിലേക്ക് പോയതെന്നും ഒരു നിമിഷത്തെ എടുത്ത് ചാട്ടത്തിനാണ് പാര്‍ട്ടി മാറിയതെന്നും പത്മജ. ബിജെപി വിടുന്ന കാര്യം തന്‍റെ ചേട്ടന്‍ മുരളീധരനോട് മാത്രമാണ് പറഞ്ഞതെന്നും തനിക്ക് സമാധാനം തരുന്നത് ചെയ്തോ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നെന്നും പത്മജ വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. അധികാരം മോഹിച്ചാണ് താന്‍ താന്‍ രാജിവച്ചതെന്നുള്ളത് തെറ്റായ പ്രചാരണമാണ്. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് അറിയാമായിരുന്നു. അധികാരം മോഹിച്ചായിരുന്നെങ്കില്‍ താന്‍ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ബിജെപി വിടുമായിരുന്നെന്നും പത്മജ പറഞ്ഞു.
'നിങ്ങള്‍ എല്ലാവരുമെന്നെ മടക്കി മടക്കി ഒരു പരിവമാക്കി. എന്നിട്ടും ഞാന്‍ മടങ്ങിയിട്ടില്ല. ഇപ്പോള്‍ ഞാന്‍ രാജിവെച്ചു. എന്‍റെ രാജിക്കത്ത് രാജീവ് ചന്ദ്രശേഖറിനും ദേശീയ പ്രസിഡന്‍റിനും അയച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ആരും എന്നെ വിളിച്ചിട്ടില്ല. ബിജെപി വിടുന്ന കാര്യം ഞാന്‍ എന്‍റെ ചേട്ടനോട് മാത്രം പറഞ്ഞു. തൃശൂരിലെ ചില കോണ്‍ഗ്രസ് നേതാക്കളെ കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. അവരോടൊന്നും എനിക്ക് ദേഷ്യമില്ല. അവര്‍ അവരുടെ നിലനില്‍പ്പിന് വേണ്ടി ചെയ്തതാകും. രാഷ്ട്രീയത്തിലും പൊതുരംഗത്തും തുടരും. എനിക്കെന്‍റെ അച്ഛന്‍റെ കുറച്ച് പരിപാടികളുണ്ട്. അതുമായി മുന്നോട്ട് പോണം.'- പത്മജ വേണുഗോപാല്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് പത്മജ വേണുഗോപാല്‍ ബിജെപി വിട്ടത്. രാജിക്കത്ത് ഇമെയിലായി കൈമാറി. കെ. മുരളീധരൻ സഹോദരിയെ കോൺഗ്രസിലേക്ക് തിരികെ സ്വാഗതം ചെയ്തു. ബിജെപിയിൽ തുടരുന്നതിനാൽ കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിൽ ഒറ്റപ്പെടുന്നു എന്നതായിരുന്നു പത്മജ കാരണമായി പറഞ്ഞത്. പത്മജയുടെ താൽപര്യം പോലെ തീരുമാനിക്കാം എന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ മറുപടി. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കി പത്മജാ വേണുഗോപാൽ ബിജെപിയിലേക്ക് ചേക്കേറിയത്.