ബിജെപിയില്‍ നിന്നും രാജിവച്ച പത്മജ വേണുഗോപാലിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കുന്നതില്‍ രൂക്ഷവിമര്‍ശനുമായി ജിന്റോ ജോണ്‍. പത്മജ കോണ്‍ഗ്രസിലേക്ക് തിരികെ വന്നിട്ട് എന്തു ചെയ്യാനാണെന്ന് ചോദിച്ച ജിന്റോ കോൺഗ്രസ്സിനെ തേടിയെത്തുന്നത് അധികാരവീത കൊതി മാത്രമാണെന്നും വിമര്‍ശിച്ചു. പത്മജയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത നേതാക്കളുടെ നിലപാടിനെയും ജിന്റോ വിമര്‍ശിക്കുന്നുണ്ട്. ബിജെപി വിടുന്ന ഭാഗ്യാന്വേഷികളെ കാത്ത് വാതില്‍ തുറന്നിട്ടിരിക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്നും കോണ്‍ഗ്രസിലേക്കെന്ന് പറയാത്തവരെ ക്ഷണിക്കുന്ന ആവേശക്കമ്മിറ്റിക്കാർ അതുകൊണ്ട് പൊടിക്കൊന്നടങ്ങണമെന്നും ജിന്റോ കുറിച്ചു.
'കോണ്‍ഗ്രസിന് അധികാരം കിട്ടിയപ്പോള്‍ പത്മജയ്ക്ക് ബിജെപിയില്‍ അവഗണന തോന്നുന്നത് സ്വാഭാവികമാണ്. കോണ്‍ഗ്രസ് പത്മജയ്ക്ക് പല സ്ഥാനമാനങ്ങളും നല്‍കിയിട്ടും പുറത്തുപോയി. സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയെയും ആക്ഷേപിച്ചത് മറക്കാറായിട്ടില്ല. ഇസ്ലാമോഫോബിയ പറഞ്ഞും പരമ്പരാഗത സംഘികളോട് പോലും കിടപിടിക്കുന്ന വെറുപ്പിന്റെ വിദ്വേഷത്തിന്റെ രാഷ്ട്രീയം വിളമ്പിയും നിറഞ്ഞാടിയ രണ്ടര കൊല്ലത്തിന്റെ മുറിവുകൾ ഉണങ്ങാറായിട്ടില്ല. അവർ തിരിച്ചു വന്നിട്ട് ഇവിടെ എന്ത് ചെയ്യാനാണ് എന്നുള്ള ചോദ്യത്തിന് ഉത്തരവുമില്ല. കോൺഗ്രസിന് ഭരണം കിട്ടിയപ്പോല്ലേ തേടിയെത്തുന്നത് അധികാരവീത കൊതി മാത്രമാണ്. അധികാര അലങ്കാരമില്ലാത്ത ഒരു നിമിഷം പോലും ചിന്തിക്കാനാകാത്തവരെ തിരിച്ചുകൊണ്ടുവന്ന് സ്ഥാനമാനങ്ങൾ നൽകി അവരെ ഇനിയും 'അവഗണന' നൽകി വിഷമിപ്പിക്കല്ലേ എന്ന അഭ്യർത്ഥനയുണ്ട് നേതൃത്വത്തോട്', എന്നാണ് ജിന്റോയുടെ വാക്കുകള്‍.
ഭാഗ്യാനേഷികളായി ബിജെപി വിടുന്നവരെ പുറത്തുനിര്‍ത്തിയ ശേഷം മാത്രമെ പാര്ട്ടിയിലെടുക്കാവൂ എന്നും ചിലർക്കൊക്കെ ഒരു ഹിതപരിശോധന വേണ്ടതല്ലേ എന്നും ജിന്റോ ചോദിച്ചു. 'ആശ്രിത ആനുകൂല്യത്തിൽ മാത്രം കിട്ടിയതൊന്നും പോരാഞ്ഞ് അധ്വാനമില്ലാതെ കിട്ടിയതിന്റെ ആ അധിക ദഹനക്കേടിൽ പാർട്ടി വിട്ട് സംഘിത്താവളങ്ങളിൽ പോയി തിരിച്ചുവരുന്ന അപഥസഞ്ചാരകർക്കുള്ള അവസാന ഇടമല്ല കോൺഗ്രസ്. ആമാശയ പൂരണത്തിനായി കടുത്ത വർഗീയതയും വിദ്വേഷവും വെറുപ്പും പറയുന്നവരുടെ വഴിയമ്പലമായി കോൺഗ്രസ്സിനെ മാറ്റരുത്. കരുണാകരന്റെ സ്മൃതി കൂടിരത്തിൽ സംഘികളുടെ നഗരികാണിക്കൽ നടത്തിയതിന്റെ പാപക്കറ കഴുകി വെടിപ്പാക്കട്ടെ ആദ്യം. പാവപ്പെട്ട പ്രവർത്തകരുടെ വിയർപ്പിന്റെ ഉപ്പുംകൂട്ടി പരമാവധി ഉണ്ടുവളർന്നവർ തോന്നിയപോലെ ഇറങ്ങിനടന്ന് തിരികെയെത്തുമ്പോൾ ബന്ധുതർക്കം തീർത്തു കൊടുക്കാൻ ഇത് കുടുംബസ്വത്ത് വീതംവയ്ക്കലല്ല എന്ന് ഓർമ്മിപ്പിക്കണം. ഉന്നത നേതാക്കളുടെ ഒറ്റവിളിയിൽ മറക്കേണ്ടതല്ല ഞങ്ങളെപ്പോലുള്ള സാധാരണ പ്രവർത്തകർക്കേറ്റ മുറിവിന്റെയാഴം' എന്നും ജിന്റോ എഴുതി.
ബിജെപിയിൽ തുടരുന്നതിനാൽ കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിൽ ഒറ്റപ്പെടുന്നു എന്ന കാരണം പറഞ്ഞാണ് പത്മജ ബിജെപി വിടുന്നത്. രാജിക്കത്ത് ഇമെയിലായി കൈമാറി. രാജിക്കാര്യം സംസാരിച്ചത് സഹോദരന് കെ.മുരളീധരനോട് മാത്രമെന്നും പത്മജ പറഞ്ഞു. മുരളീധരൻ സഹോദരിയെ കോൺഗ്രസിലേക്ക് തിരികെ സ്വാഗതം ചെയ്തു.