ariyil-shukkur

അരിയിൽ ഷുക്കൂർ വധക്കേസിൽ രണ്ട് സാക്ഷികൾ കോടതിയിൽ എത്താതിരുന്നത് ഗൂഢാലോചന തെളിയിക്കുന്നതിൽ തിരിച്ചടിയാകുമോ എന്ന സംശയത്തിൽ പ്രോസിക്യൂഷൻ. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ ഗൂഢാലോചനക്ക് സാക്ഷികളായിരുന്ന പി.പി അബു, മുഹമ്മദ് സ്വാബിർ എന്നിവരാണ് സാക്ഷി പറയാൻ കോടതിയിൽ എത്താതിരുന്നത്. വാറന്റുമായി പലതവണ അറസ്റ്റ് ചെയ്യാൻ സിബിഐ എത്തിയെങ്കിലും സാക്ഷിയെ കണ്ടുകിട്ടിയിരുന്നില്ല

 

അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടന്നത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315 -ാം നമ്പർ മുറിയിൽ ആണെന്നാണ് സിബിഐ കണ്ടെത്തിയത്. ഇക്കാര്യം സാധൂകരിക്കാനായി രണ്ട് സാക്ഷികൾ. 22-ാം സാക്ഷി പി.പി.അബു, ഇരുപത്തിമൂന്നാം സാക്ഷി മുഹമ്മദ് സാബിർ. പൊലീസിനും സിബിഐക്കും ഇവർ നൽകിയ മൊഴി ഇങ്ങനെ. ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ സിപിഎം നേതാക്കളായ പി.ജയരാജൻ, ടി.വി.രാജേഷ് എന്നിവരുണ്ടായിരുന്നു. ഇവരെ കാണാൻ അരിയിൽ ഭാഗത്തെ നിരവധി പ്രാദേശിക സിപിഎം  നേതാക്കൾ എത്തി. ഇവർ മുറിക്കകത്തും പുറത്തും നിൽക്കുന്നത് കണ്ടിരുന്നു. ഈ സമയം കേസിലെ മുപ്പതാം പ്രതിയായ യു.വി.വേണു മുറിയുടെ വാതിൽക്കൽ നിന്നുകൊണ്ട് തടഞ്ഞു വച്ചിരിക്കുന്ന ലീഗുകാരെ വേണ്ടവിധം കൈകാര്യം ചെയ്യണമെന്ന് ഫോണിൽ നിർദ്ദേശിക്കുന്നുണ്ടായിരുന്നു. 

 

ഈ മൊഴി പരിഗണിച്ച് ഐപിസി 118-ാം വകുപ്പാണ് ജയരാജനും രാജേഷിനുമെതിരെ പൊലീസ് ചുമത്തിയത്. അതായത് കുറ്റകൃത്യം നടക്കാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും അത് തടയാനുള്ള നടപടികൾ സ്വീകരിക്കാതെ ഒത്താശ ചെയ്തുകൊടുത്തു എന്നായിരുന്നു കുറ്റം. എന്നാൽ അന്വേഷണം സിബിഐ ഏറ്റെടുത്തതോടെ ജയരാജനും, രാജേഷിനും എതിരെ ക്രിമിനൽ ഗൂഢാലോചന വകുപ്പ് ചുമത്തി. എന്നാൽ കേസ് വിചാരണയിലേക്ക് എത്തിയപ്പോൾ സാക്ഷി പറയാൻ അബുവും, സ്വാബിറും എത്തിയില്ല. 

 

കോടതിയിൽ നിന്നുള്ള വാറന്റുമായി അബുവിനെ അറസ്റ്റ് ചെയ്യാൻ സിബിഐ പലതവണ പോയി. എന്നാൽ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. സ്വാബിർ വിദേശത്താണെന്നാണ് അറിയിച്ചത്. ഗൂഢാലോചനക്ക് ദൃക്സാക്ഷികളായി ആകെയുണ്ടായിരുന്ന രണ്ടുപേർ കോടതിയിൽ എത്താതിരുന്നതോടെ വലിയ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളതെന്ന നിഗമനത്തിലാണ് പ്രോസിക്യൂഷൻ. 

 

ENGLISH SUMMARY:

Malayala Manorama Online News reports that the prosecution in the Ariyil Shukoor murder case faces a major setback as two key witnesses failed to appear in court for the conspiracy trial. The absence of these witnesses casts doubt on proving the conspiracy charges against the accused CPM leaders.