saff-won

കൗമാരപ്പടയുടെ തേരോട്ടം അവസാനിക്കുന്നില്ല. അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റിനു പിന്നാലെ ഫുട്ബോളിലും വിജയക്കൊടി പാറിച്ചിരിക്കുകയാണ് ഇന്ത്യന്‍ യുവനിര. ധാക്കയിലെ നാഷനൽ സ്റ്റേഡിയത്തിൽ നടന്ന സാഫ് ഫുട്ബോൾ ഫൈനലിൽ പാക്കിസ്ഥാനെ  2–1ന് തോല്‍പ്പിച്ച് ഇന്ത്യ ഹാട്രിക് കിരീടം ചൂടി. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. പത്താം തവണയാണ് സാഫ് കിരീടത്തില്‍ ഇന്ത്യ മുത്തമിടുന്നത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും സാഫ് ഫുട്ബോൾ ഫൈനലിൽ ഏറ്റുമുട്ടിയത്. 

 

ആദ്യ പകുതിയുടെ അവസാന നിമിഷത്തിലാണ് പാക്കിസ്ഥാൻ ലീഡ് നേടിയത്. മധ്യനിര താരം അലംഗീർ ഗാസിയുടെ മനോഹരമായ ഷോട്ട് ഗോള്‍ വല കുലുക്കി. രണ്ടാം പകുതിയിൽ പാക്കിസ്ഥാൻ പ്രതിരോധ താരം ജുനൈദ് ഷാ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ ഇന്ത്യക്ക് മത്സരത്തിൽ തിരിച്ചുവരാനുള്ള അവസരമൊരുങ്ങി. പിന്നാലെ മുന്നേറ്റതാരം സുഹൈൽ അഹമ്മദ് ഭട്ട് ഇന്ത്യക്കായി സമനില ഗോൾ നേടി. മത്സരം സമനിലയിലേക്ക് നീങ്ങുന്നതിനിടെ 88-ാം മിനിറ്റിൽ പ്രതിരോധ താരം സന്ദീപ് മാണ്ടി ഹെഡറിലൂടെ ഇന്ത്യയുടെ വിജയഗോൾ നേടി. 

 

രണ്ടാം നിര ടീമിനെ അണിനിരത്തിയാണ് ഇന്ത്യ ഈ ശ്രദ്ധേയ നേട്ടം സ്വന്തമാക്കിയത്. അണ്ടർ 23 താരങ്ങൾ ഉൾപ്പെട്ട രണ്ടാം നിര ടീമുമായാണ് ഇന്ത്യ ടൂർണമെന്റിനെത്തിയത് എന്നതാണ് ഈ വിജയത്തിന്റെ പ്രത്യേകത. ടൂർണമെന്റിൽ കളിച്ച എല്ലാ മത്സരങ്ങളിലും ഇന്ത്യ വിജയിക്കുകയും ചെയ്തു.

ENGLISH SUMMARY:

Malayala Manorama Online News reports that the Indian youth football team clinched their tenth SAFF Championship title by defeating Pakistan 2-1 in a thrilling final held in Dhaka. Despite falling behind by a goal initially, the resilient Indian squad made a remarkable comeback to secure the historic victory.