സഭാതർക്കത്തിൽ ശാശ്വത സമാധാനം ആഗ്രഹിക്കുന്നതായി ഓര്‍ത്തഡോക്സ് സഭ. പരിശുദ്ധ പാത്രിയർക്കീസ് ബാവായെ ദേവലോകം അരമനയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി. പാത്രിയര്‍ക്കീസ് ബാവാ ഒരു പള്ളി സന്ദർശിക്കാൻ ആഗ്രഹിക്കുമ്പോൾ അതിനെ എതിർത്തശേഷം വാതിൽ തുറന്നിടുന്നു എന്നു പറയുന്നതിൽ കാര്യമില്ലെന്ന് യാക്കോബായ സഭ പ്രതികരിച്ചു. സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് മുളന്തുരുത്തിയില്‍ ചേര്‍ന്നു. 

ഒരു മേശക്ക് ചുറ്റും ഇരുന്ന് ചർച്ച ചെയ്താൽ തീരാവുന്നതാണ് സഭാ തര്‍ക്കമെന്ന് ഓര്‍ത്തഡോക്സ് സഭ. തർക്കമുള്ള പള്ളികളിൽ പോയി പ്രശ്നം ഉണ്ടാക്കുന്നതിനേക്കാൾ തർക്കമില്ലാത്ത അവസ്ഥയിലൂടെ സമാധാനത്തോടെ മുന്നോട്ടുപോകാൻ കഴിയണമെന്ന് മാധ്യമവിഭാഗം അധ്യക്ഷന്‍ ഡോക്ടർ യൂഹാനോന്‍ മാര്‍ ദിയസ്കോറസ് പറഞ്ഞു.

മുഖ്യമന്ത്രിയും രാജീവ് ചന്ദ്രശേഖറും ഇന്നലെ പുത്തൻകുരിശിൽ പറഞ്ഞത് ശരിയായ നിലപാടാണ്. മണർകാട് പള്ളി തർക്കത്തിൽ ഉള്ള പള്ളിയാണെന്നും 2017 ലെ സുപ്രീം കോടതി വിധി അടിസ്ഥാനമാക്കി മാത്രം ആകണം പാത്രിയർക്കീസ് ബാവായുടെ സന്ദർശനമെന്നും യൂഹാനോന്‍ മാര്‍ ദിയസ്കോറസ് പറഞ്ഞു. എന്നാല്‍ പാതിയർക്കീസ് ബാവാ പള്ളി സന്ദര്‍ശിക്കുന്നതിനെ എതിർത്തശേഷം, വാതിൽ തുറന്നിടുന്നു എന്നു പറയുന്നതിൽ കാര്യമില്ലെന്ന് യാക്കോബായ സഭ മീഡിയ സെൽ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത പറഞ്ഞു. 

മണര്‍കാട് പള്ളിയില്‍ പോകുന്നതില്‍ തീരുമാനം പാത്രിയര്‍ക്കീസ് ബാവാ അറിയിക്കും. മുഖ്യമന്ത്രി പറഞ്ഞത് സഭകളുടെ ലയനത്തെപ്പറ്റിയല്ല. ഇരുസഭകളും ഐക്യത്തോടെ മുന്നോട്ടുപോകണം എന്നാണെന്നും കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത പറഞ്ഞു. പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് മൂന്നാമന്‍ പാത്രിയര്‍ക്കീസ് ബാവായെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നടപടി  സഭാ സുന്നഹദോസില്‍ തുടങ്ങി.

ENGLISH SUMMARY:

The Malankara Orthodox Church has expressed a strong desire for a permanent resolution to the long-standing church dispute and welcomed Patriarch Ignatius Aphrem II to the Devalokam Aramana. However, the Jacobite Church responded critically, stating that opposing the Patriarch's church visits initially and later claiming doors are open lacks logic. Tensions surround the upcoming visit, particularly regarding the Supreme Court verdict and entry into disputed sites like the Manarcad church. Meanwhile, the Jacobite Episcopal Synod meeting in Mulanthuruthy also initiated proceedings to officially declare Patriarch Ignatius Peter III as a saint.