mammootty-kochi

നമ്മുടെ ശത്രു തിന്‍മയാണെന്ന് പറയുകയാണ് നടന്‍ മമ്മൂട്ടി. വിദ്വേഷം നിറയുന്ന കാലഘട്ടത്തിലൂടെയാണ് സമൂഹം കടന്നുപോകുന്നതെന്ന് ചൂണ്ടിക്കാട്ടിയ മമ്മൂട്ടി തിന്‍മയെ പല പേരിട്ട് വിളിക്കുമെന്നും എന്ത് പേരിട്ട് വിളിച്ചാലും തിന്‍മ തിന്‍മതന്നെയാണെന്നും പറഞ്ഞു. കൊച്ചിയില്‍ നടന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സിനിമാലോകത്തുനിന്ന് ഒരാൾ ഇതുപോലൊരു വേദിയിൽ എത്തുന്നത് അപൂർവമാണെന്നും മമ്മൂട്ടി പറഞ്ഞു. ചടങ്ങില്‍വച്ച് തോമസ് പ്രഥമൻ ബാവയുമായുള്ള ആത്മബന്ധവും അദ്ദേഹം അനുസ്മരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്ന അനുഭവങ്ങളും മമ്മൂട്ടി പങ്കുവെച്ചു. 

'നമ്മുടെ ശത്രുവാണ് തിന്‍മ. നന്മയുടെ ശത്രു. തിന്‍മയെ നമ്മള്‍ പലപേരിട്ട് വിളിക്കും. എന്ത് പേരിട്ട് വിളിച്ചാലും തിന്‍മ തിന്‍മ തന്നെയാണ്. വെറുപ്പ് തിന്‍മയുടെ പ്രതീകമാണ്. അല്ലെങ്കില്‍ വേറൊരു വാക്കാണ്. ശത്രുക്കളെ ഇല്ലാതാക്കാന്‍ ഞാന്‍ ചെയ്യുന്നൊരു വിദ്യയുണ്ട്. ബോംബിട്ട് കൊല്ലുന്നകയോ വെടിവെച്ച് കൊല്ലുകയോ ആളെവിട്ട് തല്ലിക്കുകയോ ഒന്നുമല്ല. ശത്രുക്കളെല്ലാം നമുക്കറിയുന്ന ആളാകുമ്പോഴാണ് ഈ വിദ്യ നടക്കുന്നത്. എല്ലാശത്രുക്കളെയും ഞാന്‍ ഇല്ലാതാക്കുന്നത് അവരെ മിത്രങ്ങളാക്കിക്കൊണ്ടാണ്. 

എല്ലാ ശത്രുക്കളെയും നമുക്ക് മിത്രങ്ങളാക്കാം, അതിന് അവര്‍ മുന്‍കൈ എടുത്തില്ലെങ്കിലും നമ്മള്‍ മുന്‍കൈ എടുക്കുക. സമാധാനമായി നമുക്ക് ഉറങ്ങാന്‍ കഴിയുന്നത് നമുക്ക് ശത്രുക്കളാരും ഇല്ല എന്നറിയുമ്പോഴാണ്. ജീവിതത്തില്‍ ഏറ്റവും ആനന്ദം തരുന്നത് പണമോ ആഢംബര വീടോ എസി കാറോ ഒന്നുമല്ല. എല്ലാവരും ആഗ്രഹിക്കുന്നത് സമാധാനത്തോടെയുള്ള ജീവിതമാണ്. നമ്മുടെ എല്ലാ മതങ്ങളും നമ്മളോട് പറയുന്നത് നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകട്ടെ എന്നാണ്. നമ്മള്‍ പരസ്പരം സമാധാനം ആശംസിക്കുമ്പോള്‍ നമ്മുടെ ശത്രുത അലിഞ്ഞില്ലാതെയാകും.'- മമ്മൂട്ടി പറഞ്ഞു. 

അതേസമയം മലയാളിയുടെ മനസിൽ മമ്മൂട്ടി എന്ന പേര് സിനിമയുമായി അത്രമേൽ ഇഴചേർന്നതാണെന്ന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ ചടങ്ങില്‍വച്ച് പറഞ്ഞു. മമ്മൂട്ടിയെന്നാല്‍ സിനിമയാമെന്നും സിനിമയെന്നാല്‍ മമ്മൂട്ടി ആണെന്നും ദൈവം സ്പര്‍ശിച്ച മനുഷ്യനാണ് അദ്ദേഹമെന്നും ബാവ പറയുന്നു. 

ENGLISH SUMMARY:

Megastar Mammootty delivered a poignant message against hatred and division while addressing the public conference of the Jacobite Syrian Christian Association in Kochi. Emphasizing that evil remains evil regardless of the names used to disguise it, the veteran actor urged society to eliminate enemies by turning them into friends rather than resorting to violence. He reflected on his deep bond and shared philanthropic endeavors with the late Baselios Thomas I, noting that true happiness lies in a peaceful life rather than material wealth. Speaking at the event, Catholicos Baselios Joseph praised Mammootty as a divinely blessed individual whose name is inseparable from Malayalam cinema.