File image
മെസിയുടെ പേരിലെ തട്ടിപ്പില്‍ മുന്‍കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി . അബ്ദുറഹിമാനെ പ്രതിചേര്‍ക്കാനുള്ള ഫയല്‍ ലോക്ഭവനില്‍ രണ്ടാഴ്ചയിലേറെയായി കെട്ടിക്കിടക്കുകയായിരുന്നു. FIRST ON MANORAMA NEWS
സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സാമ്പത്തിക ലാഭം നേടിക്കൊടുക്കാൻ അബ്ദുറഹിമാൻ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്ത് വഴിവിട്ട നീക്കങ്ങൾ നടത്തിയെന്നാണ് എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഇതനുസരിച്ച് മുൻ മന്ത്രി ഉൾപ്പെടെ 5 പേർക്കെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്ന എസ്ഐടിയുടെ ശുപാർശയിലാണ് സർക്കാരിന്റെ തുടർനടപടി.
ഈ മാസം 5ന് സർക്കാരിനു കൈമാറിയ എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ടിൽ നടപടി വൈകുന്നതിനെതിരെ ആക്ഷേപം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇടപെട്ടത്. അബ്ദുറഹിമാൻ മന്ത്രിയായിരിക്കെ നടത്തിയ ക്രമക്കേടുകളിലെ അന്വേഷണമായതിനാൽ കേസെടുക്കാൻ ഗവർണറുടെ അനുമതി തേടണമെന്നാണ് സർക്കാരിനു ലഭിച്ച നിയമോപദേശം.
അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.സത്യപാലൻ, കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു.ഷറഫലി, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർബിസി), അതിന്റെ ഉടമ ആന്റോ അഗസ്റ്റിൻ എന്നിവർക്കെതിരെയും അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് എസ്ഐടി റിപ്പോർട്ടിലെ ശുപാർശ. അർജന്റീന ഇടപാടിന്റെ മറവിൽ നടന്ന വഴിവിട്ട നീക്കങ്ങളിലൂടെ സർക്കാരിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നും സർക്കാർ രേഖകൾ ദുരുപയോഗം ചെയ്തെന്നും എസ്ഐടി കണ്ടെത്തി.