കേരളത്തിലെ ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി നടത്തി സംസ്ഥാന സർക്കാർ. 14 ഐ.എ.എസ് തസ്തികകളിലാണ് സർക്കാർ മാറ്റം വരുത്തിയത്. പുതിയ നിയമനങ്ങൾക്കൊപ്പം വിവിധ ഉദ്യോഗസ്ഥർക്ക് അധിക ചുമതലകളും നൽകിയിട്ടുണ്ട്. ഡോ. എസ്. കാർത്തികേയനെ പുതിയ എക്സൈസ് കമ്മിഷണറായി നിയമിച്ചു. ജലവിഭവ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും. Also Read: ഉദ്ഘാടനം കഴിഞ്ഞിട്ട് 15 ദിവസം മാത്രം; ജ്വല്ലറിയിൽ നിന്ന് 50 കോടിയുടെ സ്വർണം കവർന്നു
സീറാം സാംബശിവ റാവുവിനെ മാറ്റിയ ഒഴിവിലാണ് കാർത്തികേയന്റെ നിയമനം. എക്സൈസ് മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് സാംബശിവ റാവുവിനെ അപ്രതീക്ഷിതമായി സ്ഥാനത്തുനിന്ന് മാറ്റിയത്. എക്സൈസ് വകുപ്പിലെ അഴിമതിയും ബാർ ഉടമകളുമായി മന്ത്രിയുൾപ്പെടെയുള്ളവർക്കുള്ള ബന്ധവും ചൂണ്ടിക്കാട്ടി അദ്ദേഹം സർക്കാരിന് നൽകിയ റിപ്പോർട്ട് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി ഡി. ബാലമുരളിയെ നിയമിച്ചു. വിഴിഞ്ഞം മാനേജിങ് ഡയറക്ടറായി ജെറോമിക് ജോർജിനെയും നിയമിച്ചിട്ടുണ്ട്. എം.ജി. രാജമാണിക്യത്തിന് ഇൻഫർമേഷൻ കേരള മിഷന്റെ അധിക ചുമതല കൂടി നൽകി. ഷർമിള മേരി ജോസഫിനാണ് കെ.ടി.ഡി.എഫ്.സിയുടെ അധിക ചുമതല. എൻ. പ്രശാന്തിന് മ്യൂസിയം, മൃഗശാല, പുരാവസ്തു വകുപ്പുകളുടെ അധിക ചുമതല നൽകി.