അയല്‍ സംസ്ഥാനങ്ങളിലെ വളനിര്‍മാണ ഫാക്ടറികള്‍ക്കുവേണ്ടി കടലില്‍ നിന്ന് ചെറുമീനുകളെ വ്യാപകമായി പിടികൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്. ഇതിന്റ ഭാഗമായി ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് പരിശോധന തുടങ്ങി. മനോരമ ന്യൂസ് 'കടലും ഊറ്റി' പരമ്പരയെ തുടര്‍ന്നാണു സര്‍ക്കാര്‍ നടപടി. വളം നിര്‍മാണ ഫാക്ടറികളിലേക്കും ഫിഷ് മീല്‍ ഉല്‍പാദന കേന്ദ്രങ്ങളിലേക്കുമായി കേരള തീരം ഒന്നടങ്കം കോരിയെടുക്കുന്നതു മനോരമ ന്യൂസാണു പുറത്തുകൊണ്ടുവന്നത്. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനു പിന്നാലെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച വകുപ്പ് മന്ത്രി വി.ഇ.അബ്ദുല്‍ ഗഫൂര്‍ കര്‍ശന നടപടിക്കു നിര്‍ദേശം നല്‍കിയിരുന്നു. ചെറുമീനുകളെ പിടിക്കുന്നത് കടലില്‍ മീന്‍ ലഭ്യത ഇല്ലാതാക്കുമെന്ന് ഫദ്യോഗസ്ഥര്‍ വകുപ്പ് മന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു.
പുലര്‍ച്ചെ മുതല്‍ പരിശോധന– എന്നാലും ചെറുമീന്‍ കടത്ത്
ഹാര്‍ബറുകളും ഫിഷിങ് ലാന്‍ഡിങ് സെന്ററുകളും കേന്ദ്രീകരിച്ചാണു നിലവില്‍ പരിശോധന നടക്കുന്നത്. പുലര്‍ച്ചെ നാലുമണിയോടെ സജീവമാകുന്ന ഹാര്‍ബറുകളില്‍ ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി ബോട്ടുകളിലും വള്ളങ്ങളിലും കൊണ്ടുവരുന്ന മീനുകളാണ് പരിശോധിച്ചു കുഞ്ഞുങ്ങളില്ലെന്ന് ഉറപ്പാക്കുന്നത്. കേരള തീരത്തു നിന്നു ഭക്ഷ്യയോഗ്യമായ 58 ഇനം മീനുകള്‍ പിടിക്കുന്നതിനു വലുപ്പ നിയന്ത്രണമുണ്ട്. മിനിമം ലീഗല്‍ സൈസെന്ന ചാര്‍ട്ട് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ മീനുകള്‍ സ്കെയില്‍ വച്ചു അളന്നാണു പരിശോധന. നിശ്ചിത വലുപ്പമില്ലാത്ത മീന്‍ കുഞ്ഞുങ്ങളെ പിടിച്ചെടുത്ത് കടലില്‍ തള്ളും. കൂടാതെ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും പിഴ ചുമത്തുകയും ചെയ്യുന്നതാണ് രീതി. എന്നാല്‍ പലപ്പോഴും പരിശോധന പ്രഹസനമാണന്നാണു പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആരോപണം. ഒരേ സമയം എല്ലാ ഹാര്‍ബറകുളിലും പരിശോധന നടത്താന്‍ വകുപ്പിന് വിഭവശേഷിയില്ല. ഇതു മുതലെടുത്ത് പരിശോധന വിവരം മുന്‍കൂട്ടി അറിയുന്ന ബോട്ടുകളും വള്ളങ്ങളും സമീപത്തെ സുരക്ഷിതമായ ഹാര്‍ബറുകളിലേക്ക് പോകുന്നതാണ് രീതിയെന്നാണ് പ്രധാന ആക്ഷേപം. ഇതിനു തടയിടായനായി പരിശോധന കൂടാതെ വിപണിയിലെത്തുന്ന മീന്‍ കുഞ്ഞുങ്ങളെ പിടിച്ചെടുക്കുകയോ ഇവ കടത്തികൊണ്ടുപോകുന്ന മീന്‍ വണ്ടികളില്‍ പരിശോധിക്കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം.
ചപ്പിനെ കോരുന്നത് ആരു തടയും
നിലവില്‍ കേരള മറൈന്‍ ഫിഷിങ് റെഗുലേഷന്‍ ആക്ട് പ്രകാരമാണു നടപടികള്‍. നിയമത്തില്‍ ഭക്ഷ്യയോഗ്യമായ 58 ഇനം മീനുകളുടെ മത്സ്യബന്ധനത്തെയാണു പരാമര്‍ശിക്കുന്നത്. അതേ സമയം മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും മുന്‍കാലങ്ങളില്‍ ചപ്പന്നു പറഞ്ഞ് ഒഴിവാക്കിയിരുന്ന ഭക്ഷ്യയോഗ്യമല്ലാത്ത മീനുകളും കടല്‍ ജീവികളെയും പിടിക്കുന്നത് ഇപ്പോള്‍ വ്യാപകമായിട്ടുണ്ട്. കേരളത്തിനു പുറത്തുള്ള വളം നിര്‍മാണ യൂണിറ്റുകളിലേക്കും ഫിഷ് മീല്‍ ഫാക്ടറികളിലേക്കുമാണ് ഈ ജീവികളെ കടത്തുന്നത്. കടലിന്റെ ആവാസ വ്യവസ്ഥയെ ഗുരുതരമായ രീതിയില്‍ ബാധിക്കുന്ന കടലിന്റെ അടിത്തട്ട് ഊറ്റിയുള്ള ഈ മത്സ്യബന്ധന രീതി നിയന്ത്രിക്കാന്‍ നിലവില്‍ നടപടികളുണ്ടായിട്ടില്ലെന്നും മത്സ്യത്തൊഴിലാളികള്‍ ചൂണ്ടികാണിക്കുന്നു. ഇത്തരം ബോട്ടുകളെ കണ്ടെത്തി നടപടിയെടുക്കണമെന്നും ഇതിനായി മല്‍സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തുന്ന ബോട്ടുകളില്‍ നേരിട്ടു കയറി ഉദ്യോഗസ്ഥര്‍ പരിശോധിക്കാന്‍ തയാറാകണമെന്നും മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു.