kseb-news

ജി.എന്‍.എ കരാറുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളും കെ.എസ്.ഇ.ബി തീരുമാനങ്ങളും വൈദ്യുതി മന്ത്രിയെക്കണ്ട് ചെയര്‍മാന്‍ എന്‍.പ്രശാന്ത് ഇന്ന് വിശദീകരിക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ സ്വീകരിച്ച നടപടികളും അറിയിക്കും. കായംകുളം എൻടിപിസി താപവൈദ്യുത നിലയവുമായി കെഎസ്ഇബിയുടെ കരാർ മുൻകാല പ്രാബല്യത്തോടെ മൂന്ന് വർഷത്തേക്കു കൂടി നീട്ടാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അനുമതി നല്‍കി. 

വൈദ്യുതി പ്രതിസന്ധിയുടെ സാഹചര്യമില്ല. കേന്ദ്രവിഹിതവും, പവര്‍ എക്സ്ചേഞ്ച് വഴിയും, തല്‍സമയ മാര്‍ക്കറ്റിലൂടെയും മതിയായ വൈദ്യുതി ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജി.എന്‍.എ വൈദ്യുതിയുടെയും ഹിമാചല്‍ വൈദ്യുതിയുടെയും ആവശ്യമില്ലെന്ന് കെ.എസ്.ഇ.ബി. വിവാദങ്ങളുയരുന്ന സാഹചര്യത്തിലാണ് വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചത്. വൈദ്യുതി മന്ത്രിയെ കാണാതെ മുഖ്യമന്ത്രിയെ കണ്ടതുള്‍പ്പെടെ, പ്രതിസന്ധി പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളും സണ്ണി ജോസഫിനോട് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.പ്രശാന്ത് വിശദീകരിക്കും. 

ഇന്നലെയാണ് കായംകുളം എൻടിപിസി താപവൈദ്യുത നിലയവുമായി കെഎസ്ഇബിയുടെ കരാർ മുൻകാല പ്രാബല്യത്തോടെ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയത്. പ്രതിവര്‍ഷം നൂറ് കോടി രൂപ ഫിക്സഡ് ചാര്‍ജ് നല്‍കുമ്പോള്‍ എൻടിപിസി താൽച്ചർ നിലയത്തിൽ നിന്ന് 180 മെഗാവാട്ട് വൈദ്യുതി കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നത് ഉറപ്പാക്കണമെന്നു കമ്മിഷൻ നിർദേശിച്ചു. ഒഡീഷയിലെ താൽച്ചർ താപനിലയത്തിൽ നിന്നു ലഭിക്കുന്ന 180 മെഗാവാട്ട് വൈദ്യുതി തുടർന്നും ലഭിക്കണമെങ്കിൽ കായംകുളം നിലയവുമായുള്ള കരാർ തുടരണമെന്നത് എൻടിപിസിയുടെ സമ്മർദമാണ്. ബെസ് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനും സർക്കാർ ഉത്തരവു പ്രകാരമുള്ള കാര്യങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും കെഎസ്ഇബി സമിതിയെ നിയോഗിക്കണം. മഹാരാഷ്ട്രയിലെ സിന്നാർ താപനിലയത്തിൽ നിന്ന് 540 മെഗാവാട്ട് വൈദ്യുതി ദീർഘകാലത്തേക്കു ലഭ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.

ENGLISH SUMMARY:

KSEB Chairman N. Prashanth is set to brief the Power Minister today on the controversy surrounding the GNA power contract and the recent decisions taken by the board. Meanwhile, the Kerala State Electricity Regulatory Commission has granted retrospective approval to extend the KSEB-NTPC Kayamkulam plant contract by three years, securing 180 MW of power from the Talcher plant in Odisha. KSEB clarified that there is currently no power crisis in Kerala, as sufficient electricity is being procured through real-time markets and central allocation.