roji-course

സർക്കാരിന്റെ പ്രത്യേകാനുമതി ഇല്ലാതെ തന്നെ സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകൾക്ക് പുതിയ സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കാമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ഇത്തരത്തിൽ കോളജുകൾക്ക് അനുമതി നൽകുമ്പോൾ എതിർപ്പുമായി രംഗത്തുവരുന്നവർക്ക് എന്തിനാണ് ഇത്രയ്ക്ക് അസഹിഷ്ണുതയെന്നും കുട്ടികൾ സ്വന്തം നാട്ടിൽ പഠിച്ച് ലോകത്തോട് മല്‍സരിക്കാൻ പ്രാപ്തരാകുന്നതിനെ എന്തുകൊണ്ടാണ് എതിർക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. തന്റെ ഫെയിസ് ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. Read More: മഹാരാജാസിൽ മന്ത്രിയെ വളഞ്ഞ് എസ്‌എഫ്‌ഐ പ്രവർത്തകര്‍; സമരം കണ്ട് പേടിക്കില്ലെന്ന് റോജി എം.ജോൺ...

യുഡിഎഫ് സർക്കാരിന്റെ ഈ നീക്കത്തെ എതിർക്കുന്ന സിപിഎമ്മിന് ഇരട്ടത്താപ്പ് ആണെന്നും റോജി എം. ജോൺ പറഞ്ഞു. സാധാരണക്കാരായ  അണികളുടെ മക്കളെകൊണ്ട് തെരുവിൽ ലാത്തിയടിയും മറ്റും വാങ്ങിച്ച് കൊടുക്കുന്ന നേതാക്കളുടെ മക്കൾ വിദേശത്താണ് പഠിക്കുന്നതെന്നും  വിദ്യാഭ്യാസ രംഗത്ത് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കാപട്യത്തിന്റെ പേരാണ് സിപിഎം അദ്ദേഹം വിമർശിച്ചു. 

റോജി എം. ജോണിന്റെ ഫെയിസ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം:  'സ്വയംഭരണ കോളേജുകൾക്ക് പുതിയ കോഴ്സുകൾ തുടങ്ങാൻ അനുമതി നൽകുമ്പോൾ എതിർപ്പുമായി രംഗത്തുവരുന്നവരോട് ഒന്നേ ചോദിക്കാനുള്ളൂ. നമ്മുടെ കുട്ടികൾ സ്വന്തം നാട്ടിൽ പഠിച്ച് ലോകത്തോട് മത്സരിക്കാൻ പ്രാപ്തരാകുന്നതിൽ എന്തിനാണ് നിങ്ങൾക്കിത്ര അസഹിഷ്ണുത? വികസനവിരുദ്ധ ശാഠ്യങ്ങൾക്ക് കേരളത്തിന്റെ ഭാവി ബലികൊടുക്കാൻ നമ്മുടെ സർക്കാർ തയ്യാറല്ല. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ഉറച്ച കാഴ്ചപ്പാടോടെയാണ് യുഡിഎഫ് സർക്കാർ മുന്നോട്ട് പോകുന്നത്. നമ്മുടെ മിടുക്കരായ കുട്ടികൾ പഠനത്തിനായി അന്യസംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും നാടുവിടുന്നതിന് പകരം സ്വന്തം മണ്ണിൽത്തന്നെ ലോകോത്തര നിലവാരത്തിലുള്ള അവസരങ്ങൾ ഒരുക്കുകയാണ് നമ്മൾ ലക്ഷ്യം വെക്കുന്നത്. 

എന്നാൽ, ഈ പുരോഗമനപരമായ നീക്കത്തെ പതിവുപോലെ എതിർക്കുന്ന സിപിഎം ഇരട്ടത്താപ്പ് തുറന്നുകാട്ടാതെ വയ്യ. കാലത്തിനനുസരിച്ച് മാറാത്തത് പാർട്ടി എന്ന നിലയിൽ സിപിഎം ആയാലും അതിന്റെ നേതാക്കൾ ആയാലും ഔട്ട് ഡേറ്റഡ് ആണ്. വിദ്യാഭ്യാസ രംഗത്ത് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കാപട്യത്തിന്റെ പേരാണ് സിപിഎം. 'സ്വാശ്രയം അറബിക്കടലിൽ' എന്ന് അലമുറയിട്ട് തെരുവിൽ പാവപ്പെട്ട സാധാരണക്കാരുടെ മക്കളെക്കൊണ്ട് സമരം ചെയ്യിപ്പിച്ചവരാണവർ. കൂത്തുപറമ്പിൽ അഞ്ച് ചെറുപ്പക്കാരെ വെടിയേറ്റ് മരിക്കാൻ വിട്ടുകൊടുത്തതും, രജനി എസ്. ആനന്ദിന്റെ ആത്മഹത്യയെ തുടർന്ന് സംസ്ഥാനത്തുടനീളം ബസുകൾ തല്ലിത്തകർത്ത് തെരുവുയുദ്ധം നയിച്ചതും ഇതേ ആൾക്കാരാണ്. സാധാരണക്കാരന്റെ മക്കൾ തെരുവിൽ ലാത്തിയടിയും പൊലീസിന്റെ കണ്ണീർവാതകവും ഏറ്റുവാങ്ങുമ്പോൾ, അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും ഉന്നത നേതാക്കളുടെയും മക്കൾ സ്വദേശത്തും വിദേശത്തുമുള്ള വൻകിട സ്വാശ്രയ സ്ഥാപനങ്ങളിലും സ്വകാര്യ സർവ്വകലാശാലകളിലും ലക്ഷങ്ങൾ മുടക്കി ഉന്നത വിദ്യാഭ്യാസം നേടുകയായിരുന്നു. അണികളുടെ മക്കൾക്ക് തെരുവും ലാത്തിചാർജും ജയിലറയും രക്തസാക്ഷിത്വവും നേതാക്കളുടെ മക്കൾക്ക് ആഡംബര വിദ്യാഭ്യാസവും നൽകിയതാണ് വിപ്ലവ പാരമ്പര്യം.

വിദേശ-സ്വകാര്യ മൂലധനം വരുന്നു എന്ന് ആരോപിച്ച് മുൻ നയതന്ത്രജ്ഞൻ ടി.പി ശ്രീനിവാസനെ വഴിയിൽ തടഞ്ഞുനിർത്തി കരണത്തടിച്ചതും ഇതേ കൂട്ടരാണ്. എന്നാൽ പിന്നീട് അധികാരം കിട്ടിയപ്പോൾ ഇവർ തന്നെ വിദേശ-സ്വകാര്യ സർവ്വകലാശാലകൾക്ക് ചുവപ്പുപരവതാനി വിരിച്ച് സ്വന്തം മുൻകാല സമരങ്ങളെ ഒന്നാകെ പരിഹസിച്ചു. പതിറ്റാണ്ടുകളോളം നമ്മുടെ കുട്ടികളുടെ ഭാവി തല്ലിക്കെടുത്തി, ഒടുവിൽ അധികാരത്തിൽ വന്നപ്പോൾ തങ്ങൾ എതിർത്തതെല്ലാം സ്വാഗതം ചെയ്യുകയും വീണ്ടും പ്രതിപക്ഷത്താകുമ്പോൾ എതിർക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിന്റെയോ മുരട്ടത്താപ്പിന്റെയോ ചരിത്രമാണ് ഇവരുടേത്.

സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ളയ്ക്കെതിരെ നിയമനിർമ്മാണം നടത്തി ഫീസ് കുറയ്ക്കുകയും മെറിറ്റ് സംരക്ഷിക്കുകയും ചെയ്യും എന്ന് വാഗ്ദാനം നൽകി 2006ൽ അധികാരത്തിൽ വന്ന വി. എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിൽ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന് മനേജ്മെന്റുകൾക്ക് തോന്നുംപടി ഫീസ് വർദ്ധിപ്പിക്കാൻ അവസരമൊരുക്കിയ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ ഇപ്പോഴത്തെ ദേശീയ സെക്രട്ടറിയും, കഴിഞ്ഞ ഇടത് സർക്കാരിന്റെ സ്വകാര്യ സർവ്വകലാശാല ബില്ല് അവതരിപ്പിച്ച പാരമ്പര്യമുള്ള മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയും മൗനം പാലിക്കാനുള്ള മാന്യത എങ്കിലും കാണിക്കണം. 

എന്തെല്ലാം കുപ്രചാരണങ്ങൾ നടത്തിയാലും, എത്രയേറെ പ്രതിസന്ധികളെ നേരിടേണ്ടി വന്നാലും അക്കാദമിക സ്വയംഭരണവുമായി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാർ നിലപാട്. അത് കേവലവാശിയല്ല. കാലാനുസൃതമായ മാറ്റങ്ങളെ ഉൾക്കൊണ്ട് നമ്മുടെ കുട്ടികളെ നമ്മുടെ നാട്ടിൽ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള നയപരമായ തീരുമാനമാണ്. മെറിറ്റോ, സംവരണമോ, ഫീസുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളോ അട്ടിമറിക്കപ്പെടാതെ നൂറുശതമാനവും നീതിയുക്തമായി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ മുന്നോട്ട് നയിക്കും.' 

ENGLISH SUMMARY:

Higher Education Minister Roji M. John reaffirmed the UDF government's stance allowing autonomous, aided, and self-financing colleges to start new courses without prior government permission. Reacting to the CPM's opposition through a Facebook post, the Minister questioned why the opposition shows such intolerance toward enabling local students to compete globally. He sharply criticized the CPM's double standard, alleging that party leaders sent their own children to expensive private institutions while forcing cadres' children into violent street protests. Undeterred by the protests, Roji M. John emphasized that the government remains committed to upgrading Kerala's higher education system to global standards while strictly safeguarding merit and reservation norms.