കാലടി സർവകലാശാലയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ ഇത്രയും നാൾ പുറത്തുനിർത്തിയതിനുശേഷം ഇനിയെന്ത് മാപ്പപേക്ഷയെന്ന് ഹൈക്കോടതി. സർവ്വകലാശാലയുടെ അരിശം തീരാൻ ഇനി എന്ത് ചെയ്യണം. പുറത്തു നിൽക്കുന്നത് വിദ്യാർഥികൾ ആണെന്ന് ഓർക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി
കാലടി സർവ്വകലാശാലയിൽ സസ്പെൻഷനിലുള്ള വിദ്യാർഥികൾക്കെതിരെ റജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ എന്തൊക്കെയാണെന്നായിരുന്നു ഹൈക്കോടതിയുടെ ആദ്യ ചോദ്യം. തുടർന്ന് എഫ്ഐആറുകൾ കോടതി പരിശോധിച്ചു. പൊലീസിനെ ആക്രമിച്ചതിനാണ് ആദ്യ കേസെന്ന് സർവകലാശാല വ്യക്തമാക്കി. എന്നാൽ വൈസ് ചാൻസലറുടെ പരാതിയിൽ എടുത്ത രണ്ടാമത്തെ കേസ് നിയമപരമായി നിലനിൽക്കുമോ എന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ സംശയം പ്രകടിപ്പിച്ചു. കഴിഞ്ഞ 60 ദിവസത്തിലേറെയായി വിദ്യാർഥികളെ പുറത്തു നിർത്തിയിരിക്കുകയല്ലേ എന്ന് കോടതി ചോദിച്ചു. വിദ്യാർഥികൾ ഇതിനകം തന്നെ ആവശ്യത്തിലധികം അനുഭവിച്ചു കഴിഞ്ഞതിനാൽ ഇനി പുതിയതായി എന്ത് മാപ്പപേക്ഷയാണ് നൽകേണ്ടതെന്നും കോടതി ആരാഞ്ഞു.
60 ദിവസം പുറത്താക്കിയത് പോരേ എന്നും ഇനി സർവകലാശാലയുടെ അരിശം തീരാൻ എന്ത് ചെയ്യണമെന്നും കോടതി. വിദ്യാർഥികൾ ചെയ്ത നടപടിയെ ന്യായീകരിക്കുകയല്ല എന്ന് വ്യക്തമാക്കിയ കോടതി, 'അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു' എന്ന കുഞ്ചൻ നമ്പ്യാരുടെ കവിതാശകലം സന്ദർഭോചിതമായി പരാമർശിച്ചു. ഇന്നത്തെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന എല്ലാവരും ഒരു കാലത്ത് വിദ്യാർഥികളായാണ് ഇവിടെവരെ എത്തിയതെന്ന് കോടതി ഓർമ്മിപ്പിച്ചു. ഇപ്പോഴത്തെ എല്ലാ രാഷ്ട്രീയ നേതാക്കളും വിദ്യാർഥികൾ ആയിരുന്നപ്പോൾ കാമ്പസുകളിൽ എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്നും കോടതിയുടെ പരാമർശം.
സസ്പെൻഷൻ പിൻവലിക്കുന്ന കാര്യത്തിൽ സർവ്വകലാശാല അനുകൂല തീരുമാനമെടുത്താൽ കേസ് നടപടികൾ ഇവിടെ അവസാനിപ്പിക്കാമെന്നും, അല്ലാത്തപക്ഷം വെള്ളിയാഴ്ച കേസിൽ മെറിറ്റിൽ വാദം കേൾക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. സസ്പെൻഷൻ നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് വിദ്യാർഥികളുടെ ഹർജി. 10 വിദ്യാർഥികളെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന ഉപഹർജിയും വെള്ളിയാഴ്ച്ച ഹൈക്കോടതി പരിഗണിക്കും.