egg-price-hike-kerala
  • മുട്ട വില ഉയരാൻ കാരണമായി കർഷകർ പറയുന്നത് കോഴിത്തീറ്റയുടെ വില വർധനവാണ്

മുട്ടയ്ക്ക് 'മുട്ടന്‍' വിലയേറിയതോടെ സാധാരണക്കാരന്‍റെ അടുക്കള ബജറ്റ് താളം തെറ്റുന്നു. സംസ്ഥാനത്ത് ആറര രൂപയുണ്ടായിരുന്നു മുട്ടയുടെ ചില്ലറ വില, ഒരാഴ്ച്ചക്കിടെ 8 മുതല്‍ 10 രൂപ വരെയിലേക്കെത്തി. ഇതോടെ തട്ടുകടക്കാരും ഓംലറ്റ് പ്രേമികളും ബേക്കറി നടത്തുന്നവരും ‍ഡയറ്റ്, ബോ‍ഡി ബില്‍ഡിംഗ് നോക്കുന്നവരുമെല്ലാം ഒരുപോലെ പ്രതിസന്ധിയിലായിരിക്കുകയാണ്. വരും ദിവസങ്ങളില്‍ വീണ്ടും മുട്ടയുടെ വില കുതിച്ചുയരുമെന്നാണ് കച്ചവടക്കാരുടെ വിലയിരുത്തല്‍.

മുട്ട വില ഉയരാൻ കാരണമായി കർഷകർ പറയുന്നത് കോഴിത്തീറ്റയുടെ വില വർധനവാണ്. നിലവിൽ കോഴിത്തീറ്റക്ക് മാര്‍ക്കറ്റ് വില 2760 രൂപയാണ്. 1800 മുതൽ 2000 രൂപ വരെയായിരുന്ന കോഴിത്തീറ്റ വിലയാണ് ഈ ദിവസങ്ങളില്‍ വര്‍ധിച്ചത്. കോഴിത്തീറ്റ ഉല്പാദിപ്പിക്കുന്നതിനുള്ള ചോളത്തിന്റെ ലഭ്യത കുറഞ്ഞതോടെ  വില വർധനവിന് കാരണമായി വിലയിരുത്തുന്നത്. ഇതോടെയാണ് മുട്ടയുടെ വിലയും വര്‍ധിച്ചത്. 

പെട്ടന്നുള്ള പ്രതിസന്ധിയുടെ അടിസ്ഥാന കാരണമാകുന്നത് വൻകിട കോർപ്പറേറ്റുകൾക്ക് എഥനോൾ നിർമാണത്തിനായി വൻതോതിൽ ചോളം മറിച്ചുവിൽക്കാൻ തുടങ്ങിയതാണ്. ചോളം ഇപ്പോൾ ഇന്ത്യയിലെ എഥനോൾ വ്യവസായത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അസംസ്കൃത വസ്തുക്കളിലൊന്നാണ്. 2022-23ൽ എഥനോൾ നിർമാണത്തിന് ഉപയോഗിച്ച ചോളം 8.3 ലക്ഷം ടണ്ണായിരുന്നു. 2024-25ൽ അത് 125.75 ലക്ഷം ടണ്ണായി ഉയർന്നു. രണ്ടുവർഷത്തിനിടെ 15 മടങ്ങിലധികം വർധനയാണുണ്ടായത്. കോഴിത്തീറ്റ ഉല്പാദിപ്പിക്കുന്നതിനുള്ള ചോളത്തിന്റെ ലഭ്യത കുറഞ്ഞതോടെയാണ് കോഴിത്തീറ്റക്ക് വില കുത്തനെ കൂടിയത്. ഇത് കോഴിമുട്ടയുടെ വിലയേയും സ്വാധീനിച്ചു. 

ക്രിസ്മസ് - പുതുവത്സര സീസൺ അടുത്തതോടെ കേക്ക് നിർമാണത്തിനും കോഴിമുട്ട ആവശ്യമാണ്. ഇതിനായി വൻതോതിൽ മുട്ട മുൻകൂറായി സംഭരിക്കുന്നതും വിപണിയിൽ ആവശ്യം വർധിപ്പിച്ചിട്ടുണ്ട്.

ENGLISH SUMMARY:

The retail price of chicken eggs in Kerala has surged significantly from ₹6.50 to between ₹8 and ₹10 per egg within a week, severely affecting common households, roadside eateries, bakeries, and fitness enthusiasts. Farmers attribute the sharp price hike to an unprecedented surge in poultry feed prices, which jumped from ₹1,800–₹2,000 to ₹2,760 due to a severe shortage of maize, the key ingredient in poultry feed. The crisis is largely driven by the large-scale diversion of maize to the ethanol production industry by major corporations.