ഓപ്പറേഷന്‍ തൂഫാന്‍റെ രണ്ടാം ഘട്ടം 'തൂഫാൻ കെയർ' പദ്ധതിക്ക് നവംബര്‍ 16 ന് തുടക്കമാകും. ലഹരിക്ക് അടിമകളായവരെ പുനരധിവസിപ്പിക്കാന്‍ സംസ്ഥാനത്ത് 35 ആശുപത്രികള്‍ സജ്ജമായതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ജനപിന്തുണയാണ് ഓപ്പറേഷൻ തൂഫാന്‍റെ ഏറ്റവും വലിയ വിജയം. ആ ജനകീയ പിന്തുണയുമായി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഹരി മരുന്നിന് അടിമകളായവരെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരുകയാണ് ഓപ്പറേഷന്‍ തൂഫാന്‍റെ തുടര്‍ച്ചയായി നടപ്പാക്കുന്ന തൂഫാന്‍ കെയറിന്‍റെ പ്രധാന ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
പൊലീസിൽ തന്നെ ഓപ്പറേഷൻ തൂഫാന് വേണ്ടി പ്രത്യേക സംവിധാനം ഉണ്ടാക്കിയിട്ടുണ്ട് . ഇപ്പോൾ തന്നെ ധാരാളം ആളുകളെ ഡി അഡിക്ഷൻ സെന്ററിൽ എത്തിച്ച് അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഓപ്പറേഷൻ തൂഫാന് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. പ്രത്യേകിച്ചു നാട്ടിലെ സ്ത്രീ സമൂഹത്തിന്‍റെ ഭാഗത്തുനിന്നും. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഓപ്പറേഷന്‍ തൂഫാന്‍ ശക്തമാക്കിയതോടെ കേരളത്തില്‍ 35 ശതമാനം കുറ്റകൃത്യങ്ങള്‍ കുറഞ്ഞു. വാഹനാപകടങ്ങളും കുറയുന്നുണ്ട്. അതോടൊപ്പം സംഘർഷങ്ങള്‍ക്കും വലിയൊരളവുവരെ കുറവുണ്ടായി. പക്ഷേ അതുകൊണ്ട് മാത്രമായില്ല ഇനിയും ശക്തമായ നിലയിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകണമെന്നും ഓപ്പറേഷൻ തൂഫാൻ അവസാനിക്കുന്നില്ല തുടരുമെന്നും ചെന്നിത്തല പറഞ്ഞു.
വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ ജനങ്ങള്‍ക്ക് ട്രാഫിക് പരിശീലനം നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നത് അംഗീകരിക്കില്ല, അതുകൊണ്ട് കേരളം മുഴുവൻ രാത്രികാലങ്ങളിൽ പൊലീസിന്‍റെ പ്രത്യേക പരിശോധന ഉണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കും. ഇക്കാര്യം ഗതാഗതമന്ത്രിയുമായി ചര്‍ച്ച ചെയ്യും. തൂഫാൻ പോലെ ഇക്കാര്യത്തിലും കര്‍ശന നടപടികള്‍ സ്വീകരിക്കും .
'ജുവനൈല്‍ ആക്ടിന്‍റെ മറവിൽ എന്തും ചെയ്യാം എന്ന് ആരും കരുതണ്ട.' അത് അനുവദിക്കില്ല. ജുവനൈല്‍ ആക്ടിൽ അടക്കം മറ്റങ്ങള്‍ വരുത്തണമോ എന്ന് ആലോചിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കുട്ടികൾ വാഹനം ഓടിക്കാൻ പാടില്ല. അവർക്ക് ലൈസൻസ് ഇല്ല.. തൂഫാന്‍ മാത്യകയില്‍ രാത്രികാലങ്ങളില്‍ വാഹന പരിശോധന കര്‍ശമനാക്കും. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം കൊടുത്ത് വിടാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും കുറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി കോഴിക്കോട് പറഞ്ഞു.