കേരള പൊലീസ് ആരംഭിച്ച ക്ലിക്ക് പദ്ധതിയുടെ ക്യാപ്റ്റനായി നടൻ മമ്മൂട്ടി. സൈബർ സുരക്ഷയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും സൈബർ കുറ്റകൃത്യങ്ങൾ തടയാനും ആരംഭിച്ച പദ്ധതിയാണ്  ക്ലിക്ക്. ജീവിതത്തിന്റെ പാതി ഭാഗവും നമ്മൾ സൈബർ ഇടത്തിൽ ആണ് ചെലവിടുന്നതെന്നും സുരക്ഷിതമായ സൈബർ ലോകം കെട്ടിപ്പടുക്കണമെന്നും ചടങ്ങിൽ മമ്മൂട്ടി പറഞ്ഞു.

ആറ്റം ബോംബ് കണ്ടെത്തിയ ആൾ പിന്നീട് അതോർത്ത് ദുഃഖിച്ചിട്ടുണ്ട്. ആണവോർജം ശരിക്കു തെറ്റിനും ഉപയോഗിക്കാം. അതുപോലെയാണ് ഇന്റർനെറ്റും. നമുക്ക് നല്ല കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം അല്ലാത്ത കാര്യങ്ങൾക്ക് വേണ്ടിയും ഉപയോഗിക്കാമെന്നും മമ്മൂട്ടി പറഞ്ഞു.  ഉപയോഗിക്കുന്നവരുടെ മനസുപോലെ ഇരിക്കും ഉപയോഗം. മനുഷ്യ മനസിൽ ചെകുത്താനും ദൈവവും ഉണ്ടെന്നാണ് പറയപ്പെടുന്നത്. ചെകുത്താൻ ഉപയോഗിക്കുന്ന ഇന്റർനെറ്റാണ് നമുക്ക് ദ്രോഹകരമാകുന്നത്. ദൈവം ഉപയോഗിക്കുന്ന ഇന്റർനെറ്റുകൾ നമുക്ക് പ്രയോജനകരമാകുകയും ചെയ്യും മമ്മൂട്ടി കൂട്ടിച്ചേർത്തു. 

'നമ്മുടെ ജീവിതത്തിൽ ഒരു ദിവസത്തിൽ മിനിമം ഒരു രണ്ട്, രണ്ടര മണിക്കൂർ നമ്മൾ ഇന്റർനെറ്റിൽ ആയിരിക്കും. നമ്മൾ ചുമ്മാ നടന്നാൽ പോലും നമ്മൾ ഇന്റർനെറ്റിൽ ആണ്. അങ്ങനെ ഇരിക്കുന്ന ഒരു സാഹചര്യത്തിൽ ഇപ്പോ നമ്മുടെ ജീവിതത്തിന്റെ പകുതി ഭാഗങ്ങളോളം കുറച്ചു കഴിയുമ്പോൾ സൈബർ ആയിരിക്കും. നമ്മുടെ ശരീരം ഉപയോഗിക്കുന്നതിന് അപ്പുറത്തേക്ക് ബാക്കി എല്ലാം ഇന്റർനെറ്റ് തരും. ഇപ്പോള്‍ ബാത്ത്റുമൂം ടോയ്‌ലറ്റും ഒഴിച്ചുള്ള എല്ലാ സൗകര്യങ്ങളുമുള്ള ഫോണുകൾ ലഭ്യമാണ്. ഈ കണ്ടുപിടിത്തങ്ങളൊക്കെ ഉപയോഗിക്കുകയും  ദുരുപയോഗിക്കുകയും ചെയ്യുന്നവരുണ്ട്. 

ഉപയോഗം കൊണ്ടുതന്നെ ദുരുപയോഗം തടയുക എന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രധാനമായ ഉദ്ദേശം. സൈബർ ക്രൈമിനെ സൈബർ സെക്യൂരിറ്റികൊണ്ട് പ്രതിരോധിക്കുക. നമ്മുടെ മൊബൈലിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട്. അതിൽ പത്തിൽ ഒന്നോ നൂറിൽ ഒന്നോ പോലും നമ്മൾ ഉപയോഗിക്കാറില്ല. പലതും അനാവശ്യമാണ്. പക്ഷേ അവ പലതും നമ്മളെ ഉപയോഗിക്കുന്നുണ്ട് എന്നുള്ളത് മനസിലാക്കണം.

സൈബർ ലോകത്ത് ഒളിഞ്ഞിരുന്ന് യുദ്ധം ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. ഒളിയമ്പുകളെയുന്നവരുണ്ട്. മുഖമില്ലാത്തവരുണ്ട്. മുഖമുള്ളവരുണ്ട്. കാണുന്ന ആളുണ്ട്. കാണാത്ത ആൾക്കാരുണ്ട്. നിങ്ങൾക്ക് സംശയം തോന്നുന്ന സമയത്ത് ബന്ധപ്പെട്ട സൈബർ സെല്ലിൽ വളരെ എളുപ്പം ബന്ധപ്പെടാൻ സാധിക്കും. അങ്ങനെ ഈ ക്രൈമുകളെ നേരിടാനും അതിനെ അമർച്ച ചെയ്യാനും സാധിക്കുമെന്നാണ് നമ്മുടെ ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

സൈബർ സെക്യൂരിറ്റി ക്യാപ്റ്റനായിട്ട് എന്നെ തിരഞ്ഞെടുത്തെന്നേയുള്ളു. എന്നെക്കൊണ്ട് ഇതെല്ലാം ചെയ്യാൻ പറ്റില്ല. പുതിയ തലമുറയിലെ ആളുകൾ ഓരോരുത്തരും ഇതിന്റെ ക്യാപ്റ്റനായിട്ട് വരണമെന്നാണ് എന്റെ അഭിപ്രായം. വിദ്യാർഥികൾക്ക് മാത്രമേ എല്ലാത്തിനും മാറ്റം വരുത്താൻ പറ്റുകയുള്ളൂ. ഇതിനും അത്രയേ ഉള്ളൂ. വിദ്യാർഥികളുടെ ശബ്ദമാണ് ഏറ്റവും കൂടുതൽ ഉയരുന്നത്. അവരുടെ പ്രവർത്തനങ്ങളാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. അവരാണ് നാളത്തെ പൗരന്മാരും നാളത്തെ രാജ്യവും നാളത്തെ തലമുറയും വാർത്തെടുക്കേണ്ടവർ'- മമ്മൂട്ടി പറഞ്ഞു. 

ENGLISH SUMMARY:

Mammootty cyber security campaign starts as the actor takes charge as the captain of the Kerala Police Click project to raise awareness against cyber crimes. The initiative aims to promote safe internet usage and combat online threats through community involvement and digital vigilance.