എക്‌സൈസ് കമ്മിഷണറായിരുന്ന എസ്.സാംബശിവ റാവു ജോയിന്‍റ് എക്സൈസ് കമ്മിഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ അഴിമതി വ്യക്തമാക്കി സർക്കാരിന് നൽകിയ കത്തിൽ ഇന്ന് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കും. ഏതൊക്കെ വിഷയങ്ങളിൽ അന്വേഷണം വേണമെന്ന് നിശ്ചയിക്കാൻ എക്സൈസ് മന്ത്രി എം.ലിജു നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായി ഇന്ന് ചർച്ച നടത്തും. സാംബശിവറാവുവിനെതിരെയും അന്വേഷണം വരും.
അതേസമയം, യുഡിഎഫ് സർക്കാരിന്‍റെ പുതിയ മദ്യനയത്തിൽ എക്സൈസ് നിർദേശങ്ങൾ അന്തിമമാക്കുന്നതിനായി ഇന്ന് എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. മന്ത്രി എം.ലിജുവും നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലവും ഉദ്യോഗസ്ഥരും പങ്കെടുക്കും. അടുത്തദിവസം എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും ചേർന്ന് മദ്യനയത്തിൽ വകുപ്പ് ശുപാർശ അന്തിമമാക്കും. തുടർന്ന് എക്സൈസ് നിർദേശം മുഖ്യമന്ത്രിക്ക് കൈമാറും. മുഖ്യമന്ത്രി പരിശോധിച്ച് മദ്യനയ നിർദേശങ്ങൾ യുഡിഎഫിൽ അവതരിപ്പിക്കും. ഈ മാസം മുപ്പതിന് മുൻപായി മദ്യനയം അന്തിമമാക്കുമെന്നാണ് എക്സൈസ് വകുപ്പ് കോടതിയിൽ നൽകിയിരിക്കുന്ന ഉറപ്പ്. ബാറുകൾക്ക് അനുമതി നൽകുന്നത് പൂർണമായും സർക്കാരിന്റെ അറിവോടെയെന്ന നിർദേശവും, എൽഡിഎഫ് സർക്കാർ ബാറുകൾക്ക് കൂട്ടി നൽകിയ സമയം പഴയ മട്ടിലാക്കുന്നത്, ബാർ ലൈസൻസിന് അർഹതയുള്ള ബാറുകളുടെ ശ്രേണി നിശ്ചയിക്കൽ, തുടങ്ങിയ കാര്യങ്ങൾക്ക് പ്രധാന പരിഗണന നൽകും.
എക്സൈസ് കമ്മിഷണറായിരുന്ന എസ്.സാംബശിവ റാവുവിന്‍റെ മാറ്റത്തിന് പിന്നാലെ കസേരയിലേക്ക് പുതിയ ആളിനെ തേടുന്നതിന്‍റെ ചർച്ച തുടരുകയാണ്. 11 ഉദ്യോഗസ്ഥരുടെ സാധ്യത പരിശോധിച്ചെങ്കിലും ഏഴുപേരും താല്പര്യമില്ലെന്ന് അറിയിച്ചു. രണ്ടുപേർക്ക് നിലവിലെ ചുമതലയിൽ നിന്നും പദവി മാറുന്നതിന് സാവകാശം വേണ്ടിവരും. രണ്ടുപേർ ജൂനിയറായ ഉദ്യോഗസ്ഥരെന്ന വിലയിരുത്തലിൽ ഒഴിവായി. കേന്ദ്ര സർവീസ് കഴിഞ്ഞ് തിരിച്ചെത്തിയ അഞ്ചുപേരിൽ ഒരാൾക്കാണ് കമ്മിഷണർ കസേരയിലെത്താൻ കൂടുതൽ സാധ്യതയുള്ളത്. ഇന്ന് ചീഫ് സെക്രട്ടറിയും, നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും എക്സൈസ് മന്ത്രിയുമായി വീണ്ടും ചർച്ച നടത്തിയേക്കും. അടുത്ത മന്ത്രിസഭാ യോഗത്തിന് മുൻപായി പുതിയ എക്സൈസ് കമ്മീഷണറെ നിശ്ചയിക്കാനാണ് ശ്രമമെന്ന് എക്സൈസ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.