ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് കോട്ടയത്ത് ബെനാമി പേരില്‍ ബാറും കള്ളും ഷാപ്പും ഉണ്ടെന്ന് സ്ഥാനമൊഴിഞ്ഞ എക്സൈസ് കമ്മിഷണര്‍ എസ്.സാംബശിവ റാവു. ഡെപ്യൂട്ടി കമ്മിഷണര്‍ കെ.ആര്.അജയ് ആണ് ആരോപണവിധേയന്. എക്സൈസ് മന്ത്രിയുമായി അടുപ്പമുള്ള കായംകുളം കറ്റച്ചിറയിലെ റോമാ സെന്റര്‍ ബാര്‍ ഉടമയില്‍ നിന്ന് അജയ് പലവട്ടം കൈക്കൂലിവാങ്ങിയെന്ന് റിപ്പോര്‍ട്ടിലുണ്ട്.
ആദ്യം മുപ്പതിനായിരം രൂപയും ഓണക്കാലത്ത് ഇരുപതിനായിരം രൂപയും വാങ്ങിയതിന് തെളിവുണ്ട്. പരിശോധനയുടെ പേരില്‍ മറ്റുപല ഘട്ടങ്ങളിലും ഇതേ ബാറുടമയില്‍ നിന്ന് കെ.ആര്.അജയ് പണം വാങ്ങിയിട്ടുണ്ടെന്നും മുന്‍ എക്സൈസ് കമ്മിഷണര്‍ പറയുന്നു.
സെന്‍ട്രല്‍ സോണ്‍ ജോയിന്റ് എക്സൈസ് കമ്മിഷണര്‍ എസ്.വിനോദിനെതിരെയും റിപ്പോര്‍ട്ടില്‍ ഗുരുതര വെളിപ്പെടുത്തലുകളുണ്ട്. മൂവാറ്റുപുഴയിലെ ഗംഗ ബാറുടമയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് വിനോദ്. ബാര്‍ ലൈസന്‍സ് പുതുക്കാന്‍ ഇദ്ദേഹത്തോട് വിനോദ് അന്‍പതിനായിരം രൂപ കോഴ വാങ്ങി. പലഘട്ടങ്ങളിലായി സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നും ആലപ്പുഴയിലായിരുന്നപ്പോഴും ഗംഗ ബാര്‍ ഉടമയുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും സാംബശിവ റാവു വ്യക്തമാക്കുന്നു.
എക്സൈസ് മന്ത്രി എം.ലിജുവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് എക്സൈസ് കമ്മിഷണര്‍ എസ്.സാംബശിവ റാവുവിനെ ആ പദവിയില്‍ നിന്ന് നീക്കിയത്. മന്ത്രി എക്സൈസ് കമ്മിഷണര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും അതിനെല്ലാം കമ്മിഷണര്‍ രേഖാമൂലം മറുപടി നല്‍കുകയും ചെയ്തിരുന്നു. റാവുവിന് പകരം എക്സൈസ് കമ്മിഷണറെ ഇതുവരെ നിശ്ചയിച്ചിട്ടില്ല.