ഹൈദരാബാദിൽ നിന്നുള്ള ഒട്ടേറെ പെൺകുട്ടികൾ രണ്ടാം ഭാര്യയായി കേരളത്തിൽ കഴിയുന്നുണ്ടെന്ന് ബ്രോക്കർമാർ. കേരളത്തിലേക്ക് ബന്ധുക്കൾ അടക്കമുള്ള ഒരുപാട് പെൺകുട്ടികളെ വിവാഹം ചെയ്തയച്ചിട്ടുണ്ടെന്ന് ഹൈദരാബാദിലെ വനിത ബ്രോക്കറും സാക്ഷ്യപ്പെടുത്തുന്നു.
കേരളത്തിലെ ഒട്ടേറെ ഫ്ലാറ്റുകളിൽ രണ്ടാം ഭാര്യമാരായി ഹൈദരാബാദി പെൺകുട്ടികൾ ജീവിക്കുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് മനോരമ ന്യൂസ് അന്വേഷണം. ക്രിമിനൽ പശ്ചാത്തലമുള്ള മലയാളികളും ഹൈദരാബാദിലെ പെൺകുട്ടികളെ വിവാഹം കഴിക്കാനെത്തുന്നുണ്ട്. മനോരമ ന്യൂസ് അന്വേഷണം തുടരുന്നു.
വരന്റെ പ്രായവ്യത്യാസമോ ഭാഷയോ ദൂരമോ ഒന്നും പ്രശ്നമല്ല. വിവാഹത്തിന് റെഡിയാണെന്ന് യാന്ത്രികമായി പറഞ്ഞ പല പെൺകുട്ടികളും കേരളത്തിലെ ഫ്ലാറ്റുകളിൽ കഴിയുന്നുണ്ടെന്നാണ് ബ്രോക്കറുടെ സാക്ഷ്യം. കുടുംബത്തിനു നൽകിയ 5 ലക്ഷത്തിന്റെ ബലത്തിൽ പെൺകുട്ടിക്ക് വരൻ വിളിക്കുന്നിടത്തേക്ക് പോവേണ്ടി വരും. മലബാറിലെ പല സ്ഥലങ്ങളിലും തനിക്ക് അടുത്ത് ബന്ധമുള്ളവരെയും ബന്ധുക്കളെയും വിവാഹം ചെയ്ത അയച്ചിട്ടുണ്ട് എന്നാണ് ഹൈദരാബാദിലെ വനിതാ ബ്രോക്കർ സാക്ഷ്യപ്പെടുത്തുന്നത്.
താമരശ്ശേരിയിലെയും കോഴിക്കോട്ടെയും തേഞ്ഞിപ്പലത്തെയും ഫ്ലാറ്റുകളിൽ ഹൈദരാബാദിൽ നിന്നുള്ള ഒട്ടേറെ പെൺകുട്ടികൾ താമസിക്കുന്നുണ്ടെന്ന് മലയാളി ബ്രോക്കറും പറഞ്ഞു. ക്രിമിനൽ കേസുകളിൽപ്പെട്ട് കേരളത്തിൽ പെണ്ണ് കിട്ടാത്ത പലരും ഹൈദരാബാദിലെത്തി വിവാഹം കഴിക്കുന്നുണ്ട്.