മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക ലാഭമുണ്ടാക്കിയ കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെതിരെ ഇ.ഡി കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇ.ഡി പ്രാഥമിക അന്വേഷണ റിപ്പോർട്ട് (ECIR) രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
സംഭവത്തിൽ കളമശ്ശേരി പൊലീസ് നേരത്തെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ (FIR) അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ നിർണായക നടപടി. കളമശ്ശേരി പൊലീസിന്റെ കേസിന് പുറമേ കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വിട്ടുനല്‍കിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഇ.ഡി വിശദമായി പരിശോധിക്കുന്നുണ്ട്.
സാധാരണയായി സ്റ്റേഡിയം വിട്ടുനൽകുമ്പോൾ അഞ്ച് കോടി രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകണമെന്ന ചട്ടം നിലനിൽക്കെ, തുക ഈടാക്കാതെയാണ് കമ്പനിക്ക് സ്റ്റേഡിയം കൈമാറിയത്. സ്റ്റേഡിയം നവീകരണത്തിന്റെ മറവിൽ കള്ളപ്പണ ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളും നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി സംശയിക്കുന്നത്.
നേരത്തെ വിദേശത്തേക്ക് അനധികൃതമായി പണം അയച്ചതുമായി ബന്ധപ്പെട്ട് ഫെമ (FEMA) ചട്ടലംഘനത്തിനും ഇയാൾക്കെതിരെ ഇ.ഡി കേസെടുത്തിരുന്നു. നേരത്തെ പ്രാഥമിക വിവര ശേഖരണം പൂർത്തിയാക്കിയ ശേഷമാണ് ഇ.ഡി ഇപ്പോൾ പി.എം.എൽ.എ പ്രകാരം കേസ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.