TAGS

കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മുൻ ത്രോബോൾ താരം അശ്വതിയും കുടുംബവും വീട് ജപ്തി ചെയ്തതോടെ ദുരിതത്തിൽ. കേരള ബാങ്ക് ജപ്തി ചെയ്ത പണിപൂർത്തിയാകാത്ത വീടിൻ്റെ അടുക്കള വരാന്തയിലാണ് അശ്വതിയുടെ ആറംഗ കുടുംബം മാസങ്ങളായി ജീവിതം തള്ളിനീക്കുന്നത്.. ലേലം ചെയ്യാനുള്ള നടപടികളുമായി ബാങ്ക് മുന്നോട്ടുപോയാൽ വരാന്തയും നഷ്ടമാകുമെന്ന ആശങ്കയിലാണ് ഈ നിർധന കുടുംബം.

ത്രോബോൾ കോർട്ടിൽ കേരളത്തിന്‍റെ കരുത്തായിരുന്നു ഒരുകാലത്ത് അശ്വതി. കണ്ണൂർ സർവകലാശാലയുടെ ഇന്റർകൊളീജിയറ്റ് ഫുട്ബോൾ താരവും കബഡി താരവുമായിരുന്നു. വിവാഹത്തിനു ശേഷവും കായിക മേഖലയിൽ സജീവമായിരുന്നു. എന്നാൽ കാലം അശ്വതിയെയും കുടുംബത്തെയും കൊണ്ടെത്തിച്ചത് തീരാ ദുരിതത്തിൽ . ഉണ്ടായിരുന്ന വീട് നഷ്ടപ്പെട്ടു. ദിവസവും കുഞ്ഞുമക്കൾക്ക് എന്ത് ഭക്ഷണം നൽകും എന്ന ആശങ്കയാണ് അമ്മ മനസ്സ് നിറയെ. കേരള ബാങ്ക് നാലുമാസം മുൻപ് ജപ്തി ചെയ്ത വീട്ടിൽ നിന്ന് പോകാൻ മറ്റൊരു ഇടം ഉണ്ടായില്ല. അതിനാൽ അടുക്കള വരാന്ത തന്നെ കിടപ്പാടം. ആറുപേരും അന്തിയുറങ്ങുന്നത് ഇവിടെയാണ്. 

വീട് നിർമ്മിക്കാൻ 2018 ലാണ് ഭർതൃമാതാവ് കേരള ബാങ്കിൽ നിന്ന് 15 ലക്ഷം രൂപ വായ്പ എടുത്തത്. എന്നാൽ പിന്നീട് മരം മുറിക്കുന്നതിനിടെ കാലൊടിഞ്ഞ ഭർത്താവ് നിധിന് ജോലിക്ക് പോകാൻ പറ്റാതെ കിടപ്പിലായി. നിധിന്‍റെ അച്ഛനും നിത്യരോഗി. പിന്നാലെ ഭർതൃ മാതാവ് സുനിലക്കും ഗുരുതര രോഗം ബാധിച്ചതോടെ വായ്പാ തിരിച്ചടവ് പാടെ മുടങ്ങി. ബാങ്ക് പലിശ കുറച്ചെങ്കിലും 34 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ഉണ്ട്.  മുഖ്യമന്ത്രിയെ കണ്ട് പരാതി പറയാൻ തിരുവനന്തപുരത്ത് ചെന്നെങ്കിലും കാണാനായില്ലെന്ന് കുടുംബം മഴയും കാറ്റും ഇടിമിന്നലും പേടിച്ച് കഴിഞ്ഞ നാലുമാസമായി ഈ അടുക്കള വരാന്തയിൽ തള്ളിനീക്കിയ കുടുംബം അധികാരികളുടെ കനിവ് തേടുകയാണ്. വായ്പ തിരിച്ചടക്കാൻ സാവകാശം അഭ്യർത്ഥിക്കുകയാണ്. അതിനുമുൻപ് വരാന്തയും വിട്ട് പെരുവഴിയിലേക്ക് പിഞ്ചുമക്കളെയും കിടപ്പിലായ ഭർത്താവിനെയും അച്ഛനമ്മമാരെയും കൊണ്ട് ഇറങ്ങേണ്ടി വരുമോ എന്ന ആധിയാണ് മനസ്സ് നിറയെ.

ENGLISH SUMMARY:

Kerala Bank foreclosure news highlights the tragic plight of former throwball player Ashwathy and her family living on their kitchen verandah after their unfinished house was seized. The family of six faces acute distress and seeks government intervention as loan repayment defaulted due to severe medical emergencies.