mb-rajesh
  • സംസ്ഥാനത്ത് പുതിയ ബാർ ലൈസൻസുകൾ അനുവദിച്ചതിൽ എക്സൈസ് മന്ത്രി എം. ലിജുവിന്റേത് ഒളിച്ചുകളിയും ജനങ്ങളെ കബളിപ്പിക്കലുമാണെന്ന് മുൻ മന്ത്രി എം.ബി. രാജേഷ് മനോരമ ന്യൂസിനോട് പറഞ്ഞു.

സംസ്ഥാനത്ത് പുതിയ ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ എക്സൈസ് മന്ത്രി എം. ലിജുവിനും യു.ഡി.എഫ് സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി മുൻ എക്സൈസ് മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ എം.ബി. രാജേഷ്. ബാർ ലൈസൻസ് വിതരണം തടയാൻ മന്ത്രി ഔദ്യോഗികമായി ഉത്തരവിറക്കാതിരിക്കുകയും, ഉദ്യോഗസ്ഥരുടെയും മുൻ സർക്കാരിന്റെയും തലയിൽ പഴിചാരുകയും ചെയ്യുന്നത് കബളിപ്പിക്കലാണെന്ന് അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. 

പുതിയ മദ്യനയം വരുന്നതുവരെ ലൈസൻസ് നൽകരുത് എന്നായിരുന്നു സർക്കാരിന്റെ നിലപാടെങ്കിൽ നിലവിലെ ചട്ടങ്ങൾ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിറക്കാൻ മന്ത്രി എന്തുകൊണ്ട് തയ്യാറായില്ലെന്ന് അദ്ദേഹം ചോദ്യമുയർത്തി.

എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന സിസ്റ്റമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന എക്സൈസ് മന്ത്രിയുടെ ആരോപണത്തെയും എം.ബി. രാജേഷ് നിഷേധിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പുതിയ ബാർ ലൈസൻസുകൾ നൽകാനുള്ള അന്തിമ അധികാരം എക്സൈസ് മന്ത്രിയിൽ തന്നെ നിലനിർത്തിക്കൊണ്ടാണ് ഉത്തരവിറക്കിയിരുന്നത്. 

എന്നാൽ ലൈസൻസ് പുതുക്കുന്നതിനും മറ്റ് താഴെത്തട്ടിലെ നടപടികൾക്കും മാത്രമാണ് ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയിരുന്നത്. നിലവിലെ നിയമപരമായ ചട്ടമനുസരിച്ച് അപേക്ഷ ലഭിച്ചാൽ ഏഴ് ദിവസത്തിനകം തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. ചട്ടം ഭേദഗതി ചെയ്യാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്ക് നിയമവിരുദ്ധമായി പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാർ അധികാരത്തിലേറി ആറുമാസം പിന്നിട്ടിട്ടും സിസ്റ്റം ശരിയല്ലെങ്കിൽ അത് തിരുത്തി ഉത്തരവിറക്കാൻ വൈകിയതിൽ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് ഒളിച്ചുകളിയാണെന്ന് എം.ബി. രാജേഷ് ആരോപിച്ചു. വാചകമടിക്കുകയല്ല, മറിച്ച് ചട്ടം ഭേദഗതി ചെയ്തുകൊണ്ടുള്ള വ്യക്തമായ ഉത്തരവാണ് എക്സൈസ് വകുപ്പിൽ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി നൽകിയ ഉത്തരവ് ലംഘിച്ചാണ് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയതെങ്കിൽ മന്ത്രിക്കൊപ്പം നിലകൊള്ളാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ രാജേഷ്, ഉത്തരവിറക്കാതെ മുൻ സർക്കാരിന് മേൽ കുതിരകയറുന്നത് അപഹാസ്യമാണെന്നും കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Senior CPM leader and former Excise Minister M. B. Rajesh has launched a scathing attack against Excise Minister M. Liju and the UDF government over the recent new bar licensing controversy. Speaking to Manorama News, Rajesh stated that blaming officials and the previous LDF administration without issuing a formal order to halt bar licenses is a sheer deception.