ഭിന്നശേഷിക്കാരായ കുട്ടികള്‍ നിക്ഷേപിച്ച പണം തിരികെ നല്‍കാതെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ സിറ്റി വനിതാ കോ ഓപ്പറേറ്റീവ് സൊസൈറ്റി. 43 കുട്ടികള്‍ തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ജോലി ചെയ്ത് സ്വരൂപിച്ച പണമാണ് തിരികെ കൊടുക്കാത്തത്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സൊസൈറ്റി പൂട്ടിയെന്നും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി തുടങ്ങിയെന്നുമാണ് സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാറുടെ വിശദീകരണം.
ഈ പാവങ്ങളോട് കാണിക്കുന്നത് കൊടുംക്രൂരതയാണ്. കുറവുകളെ അതിജീവിച്ചും ചെറിയ ചെറിയ പണികള്‍ ചെയ്ത് സ്വരുക്കൂട്ടിയ പണത്തിനുവേണ്ടിയാണ് ആറുമാസമായി ഇവര്‍ അധികാരികള്‍ക്ക് മുമ്പില്‍ കൈ നീട്ടുന്നത്. എരഞ്ഞിപ്പാലത്തെ യുഎല്‍ നായനാര്‍ ബാലിക സദനത്തില്‍ തൊഴില്‍ പരീശിലനം നേടിയ 43 ഭിന്നശേഷിക്കാരുടെയും മൂന്ന് ജീവനക്കാരുടെയും പണമാണ് തിരിച്ചു കിട്ടാനുള്ളത്. 2015ല്‍ ജില്ലാ ഭരണകൂടത്തിന്റെ നേത്യതത്തിലാണ് ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പുനരധിവാസം ലക്ഷ്യമിട്ട് എരഞ്ഞിപ്പാലം നായനാര്‍ ബാലിക സദനത്തിൽ തൊഴില്‍ പരീശിലനം ആരംഭിച്ചത്.
അതിനുശേഷം വിവിധ സ്ഥാപനങ്ങളില്‍ 2017 മുതല്‍ ജോലി ചെയ്ത് സമ്പാദിച്ച ഇരുപത് ലക്ഷത്തോളം രൂപയാണ് സൊസൈറ്റിയില്‍ നിക്ഷേപമായി ഉണ്ടായിരുന്നത്. അടുത്തിടെ ഇതില്‍ ചിലര്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് ജോയിന്റ് രജിസ്ട്രാര്‍ക്കും പൊലീസിനും ഇവര്‍ പരാതി നല്കി. സൊസെറ്റിയുടെ പ്രവര്‍ത്തനം ആറുമാസമായി നിലച്ച അവസ്ഥയിലാണ്. സൊസൈറ്റി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റ ഉടമയ്ക്ക് തന്നെ വാടക ഇനത്തില്‍ വലിയ തുക നല്‍കാനുണ്ട്. ഇത് ചൂണ്ടിക്കാട്ടി കെട്ടിട ഉടമയും കേസ് നല്‍കിയിട്ടുണ്ട്.
പ്രശ്നപരിഹാരത്തിനായി നിക്ഷേപകരുടെ കമ്മിറ്റി രൂപികരിച്ചതായും 2021 മുതലളള ഭരണ സമിതി അംഗങ്ങളുടെ സ്വത്ത് കണ്ട്കെട്ടാനുളള നടപടിയിലേക്ക് കടന്നതായും സഹകരണ വകുപ്പ് വ്യക്തമാക്കി. കുട്ടികളുടെ തുക ഉടന്‍ തിരികെ നല്‍കുമെന്നും ജോയിന്റ് രജിസ്ട്രാര്‍ ഉറപ്പുനല്‍കുന്നു.