സ്‌കൂൾ വിദ്യാർഥികള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും പഴക്കമേറിയ സാഹിത്യ മത്സരമായ ക്വീൻസ് കോമൺവെൽത്ത് ഉപന്യാസ രചനയിൽ മലയാളി വിദ്യാർഥിനിക്ക് സുവർണ്ണ നേട്ടം. ലണ്ടനിലെ റോയൽ കോമൺവെൽത്ത് സൊസൈറ്റി സംഘടിപ്പിച്ച രാജ്യാന്തര മത്സരത്തിൽ ഷാർജ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി അതിഥി അരുൺ ആണ് ഗോൾഡ് അവാർഡ് സ്വന്തമാക്കിയത്. 56 രാജ്യങ്ങളിൽ നിന്നുള്ള അമ്പത്തിമൂവായിരത്തോളം കുട്ടികളോട് മത്സരിച്ചാണ് യുഎഇയിൽ നിന്നുള്ള ഈ കൊച്ചു പ്രതിഭ രാജ്യാന്തര വേദിയിൽ അഭിമാനനേട്ടം കൊയ്തത്.

അക്ഷരങ്ങളെ നെഞ്ചേറ്റിയ ഷാർജയിലെ പത്താം ക്ലാസുകാരി അതിഥി അരുണിന് ഇത് സ്വപ്നതുല്യമായ നേട്ടമാണ്.1883 മുതൽ സ്കൂൾ കുട്ടികൾക്കായി ലണ്ടനിലെ റോയൽ കോമൺവെൽത്ത് സൊസൈറ്റി നടത്തുന്ന ക്വീൻസ് കോമൺവെൽത്ത് ഉപന്യാസ മത്സരത്തിൽ ലോകത്തെ അൻപത്തിയാറ് രാജ്യങ്ങളിലെ പ്രതിഭകളെ പിന്തള്ളിയാണ് അതിഥി സുവർണ്ണ പുരസ്കാരം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഇതേ മത്സരത്തിൽ അതിഥി വെള്ളി മെഡൽ നേടിയിരുന്നു. വിവിധ രാജ്യങ്ങളിലെ കുട്ടികൾ ഒത്തുചേരുമ്പോൾ അവരുടെ ചിന്തകളും വികാരങ്ങളും എന്തായിരിക്കുമെന്ന വിഷയത്തിലായിരുന്നു അതിഥിയുടെ രചന.

നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഡയറിക്കുറിപ്പുകളിലൂടെ തുടങ്ങിയതാണ് അതിഥിയുടെ എഴുത്തുയാത്ര. ഇതിനകം 'ക്രോണിക്കിൾസ് ഓഫ് ദ ഡെഡ്' എന്ന ഇംഗ്ലീഷ് നോവലും ഒരു ചെറുകഥയും നാല് കവിതകളും അതിഥിയുടെ തൂലികയിൽ നിന്ന് പിറന്നുവീണു. ഇതിൽ അറബിക് ഭാഷയിൽ രചിച്ച കവിതയും ഉൾപ്പെടുന്നു. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ഒരു പെൺകുട്ടി തന്റെ അക്ഷരക്കരുത്ത് കൊണ്ട് വലിയൊരു സാഹിത്യ മത്സരത്തിലേക്ക് നടന്നു കയറുന്ന പുതിയ നോവലിന്റെ പണിപ്പുരയിലാണ് അതിഥി ഇപ്പോൾ. സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനും ചിന്തകളെ നവീകരിക്കാനും എഴുത്തിനുള്ള ശക്തി അപാരമാണെന്ന് ഈ കൊച്ചു മിടുക്കി വിശ്വസിക്കുന്നു.

അച്ഛൻ അരുൺ വിജയിന്റെയും അമ്മ ധന്യ അരുണിന്റെയും അനുജൻ ആദിത്യയുടെയും അകമഴിഞ്ഞ പിന്തുണയാണ് ഈ കൊച്ചു എഴുത്തുകാരിയുടെ പ്രധാന കരുത്ത്. സാഹിത്യലോകം ശ്രദ്ധിക്കുന്ന മികച്ചൊരു നോവലിസ്റ്റും കവയിത്രിയുമായി വളരുകയെന്ന വലിയ സ്വപ്നത്തിലേക്കാണ്  ഈ കൊച്ചു മിടുക്കിയുടെ യാത്ര.

ENGLISH SUMMARY:

Queens Commonwealth Essay Competition gold award winner Adhithi Arun has brought immense pride to the global Malayali community through her exceptional literary achievement. Her inspiring journey from writing diary entries to winning an international writing contest showcases the incredible potential of young school students in creative literature.