ചേരാനെല്ലൂർ വാഹനാപകടത്തിൽ ആഡംഭരകാർ ഓടിച്ച പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്കെതിരെ പരാതി. അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയാണ് പരാതി നൽകിയത്. ജഡ്ജി തെളിവുകൾ നശിപ്പിക്കുകയും അന്വേഷണത്തെ വഴിതിരിച്ചുവിടാൻ ശ്രമിച്ചെന്നുമാണ് പരാതി. തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ജഡ്ജിക്കെതിരെ പ്രത്യേക അന്വേഷണം നടത്തണമെന്നും ഭദ്രകീർത്തി ആവശ്യപ്പെടുന്നു.
അപകടവിവരം അറിഞ്ഞ് 20 മിനിറ്റിനുള്ളിൽ സംഭവസ്ഥലത്ത് ജഡ്ജി എത്തിയെന്നും മൂന്ന് മണിക്കൂറോളം സ്ഥലത്ത് ചെലവഴിച്ചെന്നും പരാതിയിൽ പറയുന്നു. വാഹനത്തിലുണ്ടായിരുന്ന ജഡ്ജിയുടെ ബോർഡ് അഴിച്ചുമാറ്റിയതും അന്വേഷണവിധേയമാക്കണമെന്ന് പരാതിയിൽ ഭദ്രകീർത്തി ആവശ്യപ്പെട്ടു.
അതേസമയം, കേസുമായി ബന്ധപ്പെട്ട അപ്പീലിൽ വാഹനമോടിച്ച പതിനേഴുകാരന്റെ പേരും വിലാസവും പ്രോസിക്യൂഷൻ വെളിപ്പെടുത്തിയതു ഗുരുതരമായ പിഴവാണെന്നു കോടതി ചൂണ്ടിക്കാട്ടി. അഡീഷനൽ സെഷൻസ് ജഡ്ജിയുടെ മകനായ പതിനേഴുകാരനു ജുവനൈൽ ജസ്റ്റിസ് ബോർഡ് നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു പൊലീസ് നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണു സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമ കേസുകൾക്കുള്ള അഡീഷനൽ സെഷൻസ് കോടതി പൊലീസിനെ വിമർശിച്ചത്. ജുവനൈൽ ജസ്റ്റിസ് നിയമം അനുസരിച്ച് പ്രായപൂർത്തിയാകാത്തവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നതു 2 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഓർമിപ്പിച്ച കോടതി, തെറ്റുകൾ തിരുത്തി അപ്പീൽ വീണ്ടും നൽകാൻ നിർദേശിച്ചു. ജയബാലകൃഷ്ണന്റെ കുടുംബം കേസിൽ കക്ഷി ചേരാൻ നൽകിയ അപേക്ഷയിലെ, പതിനേഴുകാരന്റെ പേരുവിവരങ്ങൾ നീക്കം ചെയ്ത ശേഷം വീണ്ടും സമർപ്പിക്കാനും കോടതി നിർദേശിച്ചു.
ഇതിനിടെ, ജയബാലകൃഷ്ണന്റെ ബന്ധുക്കളിലൊരാൾ, കോടതിമുറിയിൽ കുടുംബത്തിന്റെ അഭിഭാഷകനെതിരെ നാടകീയമായി രംഗത്തു വന്നു. നിർബന്ധിച്ചു വക്കാലത്ത് ഒപ്പിടീച്ചു എന്ന് ബന്ധു കോടതി മുറിയിൽ ആരോപണമുന്നയിച്ചു. തുടർന്ന്, ആരാണു വക്കാലത്ത് നൽകിയതെന്നു ജഡ്ജി അഭിഭാഷകനോടു ചോദിച്ചു. ജയബാലകൃഷ്ണന്റെ മകളാണ് എന്ന് അഭിഭാഷകൻ അറിയിച്ചതോടെ, കോടതി നടപടി തുടർന്നു. ഹാജരായ അഡ്വ. എം.ജി.ശ്രീജിത്തിനെ തന്നെയാണു തങ്ങൾ നിയോഗിച്ചിരിക്കുന്നതെന്നു ഭദ്രകീർത്തി പറഞ്ഞു. താൻ തന്നെയാണു വക്കാലത്ത് ഒപ്പിട്ടു കൊടുത്തതെന്നും ഭീഷണിപ്പെടുത്തിയോ നിർബന്ധിച്ചോ അല്ല അങ്ങനെ ചെയ്തതെന്നും അവർ പറഞ്ഞു.