കൊച്ചി ചേരാനല്ലൂരിൽ വാഹനാപകടക്കേസില്‍ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയില്‍ പിഴവ്. ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ രൂക്ഷവിമർശനം. പതിനേഴുകാരനായ പ്രതിയുടെ പേരും തിരിച്ചറിയൽ വിവരങ്ങളും (Identity) ഉൾപ്പെടുത്തി അപ്പീൽ നൽകിയതിലാണ് കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. ജുവനൈൽ ജസ്റ്റിസ് (JJ) ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവരങ്ങൾ പുറത്തുവിടുന്നത് രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അപ്പീലിലെ പിഴവുകൾ തിരുത്തി പുതിയ ഹർജി സമർപ്പിക്കാൻ പ്രോസിക്യൂഷനോട് നിർദേശിച്ചു.
അപകടത്തിൽ കൊല്ലപ്പെട്ട ചിറ്റൂർ സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബം കേസിൽ കക്ഷിചേരാൻ നൽകിയ ഹർജിയിലും സമാനമായ നിയമപരമായ പിഴവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഈ അപേക്ഷയിലെ തെറ്റുകളും പൂർണ്ണമായി തിരുത്തി നൽകാനാണ് കോടതി നിർദേശിച്ചിട്ടുള്ളത്. അതിനിടെ, ഹർജി പരിഗണിക്കുന്നതിനിടെ കോടതിമുറിക്കുള്ളിൽ നാടകീയ സംഭവങ്ങളും അരങ്ങേറി.
ജയബാലകൃഷ്ണന്റെ ബന്ധുവായ ജയലക്ഷ്മി നേരിട്ട് ഹാജരായി, തങ്ങൾ ആർക്കും വക്കാലത്ത് നൽകിയിട്ടില്ലെന്ന് കോടതിയിൽ വ്യക്തമാക്കി. എന്നാൽ ജയബാലകൃഷ്ണന്റെ മകളാണ് തങ്ങളെ കേസ് ഏൽപ്പിച്ചതെന്നും ആവശ്യമാണെങ്കിൽ മകൾ നേരിട്ട് കോടതിയിലെത്തുമെന്നും കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയതിലും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിലും ജഡ്ജിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങൾ കേട്ട ശേഷം, പ്രോസിക്യൂഷൻ തിരുത്തിയ അപ്പീൽ സമർപ്പിക്കുന്ന മുറയ്ക്ക് ഹർജിയിൽ അന്തിമവാദവും നടക്കും.