പ്രമുഖ ഇസ്‌ലാമിക മത പണ്ഡിതനും സുന്നി കാന്തപുരം വിഭാഗം നേതാവുമായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് മംഗളൂരുവിലെ യെനെപോയ സര്‍വകാശാല. വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ-മാനവിക മേഖലകളിൽ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണു ഡിലിറ്റ് നല്‍കിയതെന്നു സര്‍വകലാശാല വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. മംഗളുരു ദര്‍ളകട്ടയിലെ ക്യാംപസിൽ നടന്ന ചടങ്ങിൽ ചാൻസിലർ ഡോ. യെനെപോയ അബ്ദുല്ലക്കുഞ്ഞി ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ നേതാവെന്ന നിലയില്‍ ആയിരങ്ങളെ പ്രചോദിപ്പിക്കുകയും വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, സമാധാനം, രാഷ്ട്ര നിർമാണം തുടങ്ങിയ മേഖലകളിൽ ഒരേ സമയം സജീവമാകുകയും ചെയ്യുന്ന കാന്തപുരം എ.പി.അബൂബക്കര്‍ മുസ്്്ലിയാരെ ആദരിക്കുന്നത് അഭിമാനത്തോടെയാണു കാണുന്നതെന്നും അദ്ദേഹത്തിന്റെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണന്നും ചാൻസിലർ ചടങ്ങില്‍ പറഞ്ഞു.
മനുഷ്യരെ പുരോഗതിയിലേക്കു നയിക്കാന്‍ വിദ്യാഭ്യാസം അനിവാര്യമാണെന്ന ഇസ്‌ലാമിക ആശയത്തിൽ നിന്നാണു പഠനശേഷം വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്താന്‍ തീരുമാനിച്ചത്. ദൈവാനുഗ്രഹത്താലാണു കാരന്തൂര്‍ മർകസു സഖാഫത്തു സുന്നിയ്യ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങൾ നിർമിക്കാൻ സാധിച്ചതെന്നും ഡോക്ടറേറ്റ് സ്വീകരിച്ചുള്ള മറുപടി പ്രസംഗത്തില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. സര്‍വകലാശാല വൈസ് ചാൻസ്‌ലർ ഡോ. കെ എസ് ഗംഗാധര സൗമ്യാജി, രജിസ്ട്രാർ ഡോ. അശ്വിനി ദത്ത്, പ്രോ-ചാൻസിലർമാരായ ഡോ. വിജയകുമാർ, ഡോ. മുഹമ്മദ് ഫർഹാദ് യെനെപോയ, ഡോ. ഹബീബ് റഹ്‌മാൻ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.