norka-inssurance

എല്‍ഡിഎഫ് സര്‍ക്കാര്‍ മറുനാടന്‍ മലയാളികള്‍ക്കുവേണ്ടി നടപ്പാക്കിയ നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പദ്ധതി പുതുക്കുന്നതില്‍ നടപടിയെടുക്കാതെ അധികൃതര്‍. ഇന്‍ഷുറന്‍സ് പുതുക്കുന്നതിനായുള്ള സൗകര്യം ഇതുവരെ പോര്‍ട്ടലില്‍ തുടങ്ങിയിട്ടില്ല. എന്ന് തുടങ്ങുമെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്കും മറുപടിയില്ല.

ലോകകേരള സഭയിലൂടെ മറുനാടന്‍ മലയാളികളുടെ പ്രശ്നങ്ങള്‍ പഠിച്ചും വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്തും കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇന്‍ഷൂറന്‍സ് പരിരക്ഷാ പദ്ധതിക്ക് പിണറായി സര്‍ക്കാര്‍ നോര്‍ക്കയിലൂടെ തുടക്കമിട്ടത്. സാധാരണ ഇന്‍ഷൂറന്‍സ് പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നതിനാല്‍ പ്രവാസികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് മറുനാടന്‍ മലയാളികളാണ് പദ്ധതിയില്‍ ചേര്‍ന്നത്. പ്രതിവര്‍ഷം 13450 രൂപ പ്രീമിയം അടച്ചാല്‍ അഞ്ച് ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. എന്നാല്‍, ഇന്‍ഷൂറന്‍സ് പുതുക്കേണ്ട തീയതി ഒക്ടോബര്‍ 31ന് അവസാനിക്കാനിരിക്കെ ഇതുവരെ പുതുക്കാനുള്ള നടപടികള്‍ നോര്‍ക്ക തുടങ്ങിയിട്ടില്ല. ഇതോടെ സുവര്‍ണ കര്‍ണാടക കേരള സമാജം ഉള്‍പ്പെടെയുള്ള സംഘടനകള്‍ ബെംഗളൂരുവില്‍ രംഗത്തെത്തി.

എഴുപത് വയസുകഴിഞ്ഞവര്‍ക്ക് മറ്റു ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗത്വം എടുക്കാന്‍ പരിമിതികള്‍ ഉള്ളതിനാല്‍ നോര്‍ക്ക ഇന്‍ഷുറന്‍സാണ് ഏക വഴി. അതാണ് ഇപ്പോള്‍ നിലയ്ക്കുമെന്ന അവസ്ഥയിലെത്തിയത്. ബെംഗളൂരുവിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും വിഷയത്തില്‍ വ്യക്തമായ മറുപടിയില്ല. ഉടന്‍ ഇന്‍ഷുറന്‍സ് പുതുക്കാന്‍ കഴിയുമെന്ന് മാത്രമാണ് മറുപടി. 

ENGLISH SUMMARY:

Norka Care health insurance scheme for non-resident Keralites faces uncertainty as the renewal deadline approaches without official action from authorities. Thousands of expatriates who enrolled in the LDF government's welfare program are now awaiting portal updates for their annual policy extension.