പിഎസ്‍സി പരീക്ഷ തട്ടിപ്പിൽ ചെയർമാൻ എം.ആർ.ബൈജുവിനെ സംശയനിഴലിലാക്കി പിഎസ്‍സി അംഗത്തിന്റെ മൊഴി. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിലെ എഴുത്തു പരീക്ഷയുടെ മാർക്ക് ചെയർമാൻ മുൻകൂട്ടി അറിഞ്ഞിരിക്കാൻ സാധ്യതയുണ്ടെന്നാണ് മൊഴി. പല പരീക്ഷകളുടെയും മാർക്ക്, ചെയർമാൻ ഉദ്യോഗസ്ഥരോട് ചോദിക്കുന്നത് പതിവാണെന്നും ഇന്നലെ മൊഴി നൽകിയ ഒരംഗം ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ആസൂത്രണ ബോർഡ് പരീക്ഷയിലെ മാർക്ക് തിരുത്തി തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. അതേസമയം അംഗങ്ങളായ തങ്ങള്‍ ഇടപെട്ടത് അഭിമുഖ പാനലിൽ മാത്രമാണെന്നും സെയ്ഫും എസ്.ശ്രീകുമാറും ക്രൈംബ്രാഞ്ചിനോട് വിശദീകരിച്ചു. ഇന്നും ചോദ്യം ചെയ്യൽ തുടരും. രണ്ട് പരീക്ഷകളിൽ കേസെടുത്തു.
ചെയര്‍മാന്റെ എതിര്‍പ്പ് മറികടന്നാണ് രണ്ട് അംഗങ്ങൾ ഇന്നലെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ചിന്റെ മുന്നിൽ ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകേണ്ട എന്നായിരുന്നു ഇന്നലത്തെ പിഎസ്‍സി യോഗത്തിലും ചെയർമാൻ അഭിപ്രായപ്പെട്ടത്. ഹൈക്കോടതിയുടെ അന്തിമവിധി വന്നശേഷം തീരുമാനിക്കാം എന്നും എം.ആർ.ബൈജു പറഞ്ഞിരുന്നു. ചെയര്‍മാന്‍റെ നിലപാട് ഇതാകുമെന്ന് സൂചനയുള്ളതിനാല്‍ ചോദ്യം ചെയ്യലിന് നോട്ടിസ് ലഭിച്ചിരുന്ന സെയ്ഫും, ശ്രീകുമാറും യോഗത്തില്‍ പങ്കെടുത്തില്ല. ഇരുവരും ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകുകയും ചെയ്തു. മറ്റു രണ്ട് അംഗങ്ങൾ ഇന്ന് ഹാജരാകും. ഇതോടെ നാളെ ക്രൈംബ്രാഞ്ചിനു മുന്നിലെത്താൻ ചെയർമാൻ എം ആർ ബൈജു നിർബന്ധിതനാകും
അതിനിടെ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായി അന്വേഷണ പുരോഗതി വിശദീകരിക്കും. ജസ്റ്റിസ് എ.ബദറുദ്ദീനാണ് ഹര്‍ജി പരിഗണിക്കുന്നത്. പ്രതികളെ പിടികൂടുന്നില്ലെങ്കില്‍ അന്വേഷണം നടക്കുന്നില്ലെന്നാണ് മനസ്സിലാക്കേണ്ടത് എന്നായിരുന്നു കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ കോടതിയുടെ വിമര്‍ശനം. എന്തുകൊണ്ടാണ് പ്രധാന പ്രതികളെ ചോദ്യം ചെയ്യാത്തത്. ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും കോടതി നടപടികള്‍ തടസ്സമല്ല. പ്രധാന പ്രതികളെ ചോദ്യം ചെയ്യാതെ ഒഴിവാക്കുകയാണെന്ന വിമര്‍ശനവും ഹൈക്കോടതി ഉയര്‍ത്തി. ഇരുവിഭാഗവും ഭായ്– ഭായ് കളിച്ചാൽ അത് പൊതുജനത്തിന് മനസിലാകുമെന്നും കോടതി ഓർമിപ്പിച്ചിരുന്നു.