കൊച്ചി ചേരാനല്ലൂരിൽ ആഡംബര കാറിടിച്ചുള്ള മരണത്തില്‍ പതിനേഴുകാരന്റെ പിതാവും കാറിന്റെ ഉടമയുമായ അഡീഷനൽ ജഡ്ജിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഹൈക്കോടതിയിൽ നിന്നുള്ള അനുമതി ലഭിച്ചാൽ ഉടൻ നടപടിയിലേക്ക് കടക്കാനാണ് തീരുമാനം. കാറോടിച്ച പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ ജില്ലാ കോടതിയിൽ സമർപ്പിക്കും.
ADGP പി.വിജയൻ ചേരാനല്ലൂരിൽ നേരിട്ടെത്തി അന്വേഷണ പുരോഗതി വിലയിരുത്തും. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും സാധ്യതയുണ്ട്. കേസിന്റെ തുടർന്നുള്ള അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു. ജഡ്ജിയുടെ അറസ്റ്റ് ഉൾപ്പടെ ഉന്നയിച്ച ആവശ്യങ്ങൾ നടപ്പിലാക്കുന്നതിൽ കാലതാമസമുണ്ടായാൽ വീണ്ടും പ്രതിഷേധവുമായി സ്റ്റേഷനിലേക്ക് എത്തുമെന്നാണ് അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം വ്യക്തമാക്കിയിരിക്കുന്നത്.
ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ സമരം ഇന്നലെ രാത്രിയാണ് ജയബാലകൃഷ്ണന്റെ മക്കൾ താൽക്കാലികമായി അവസാനിപ്പിച്ചത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി ഫോണിൽ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അന്വേഷണത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മുഖ്യമന്ത്രിയും കുടുംബത്തിന് ഉറപ്പുനല്‍കി. ആവശ്യങ്ങളിൽ നടപടിയുണ്ടായില്ലെങ്കിൽ സമരം തുടരുമെന്ന് കുടുംബം വ്യക്തമാക്കി.
മണിക്കൂറുകൾ നീണ്ടു നിന്ന സമരം താൽകാലികമായി അവസാനിപ്പിക്കുമ്പോഴും ഉന്നയിച്ച മൂന്ന് ആവശ്യങ്ങളിൽ ഉറച്ചു നിൽക്കുകയാണ് ജയബാലകൃഷ്ണന്റെ കുടുംബം. ഡിസിപിയും കുടുംബവുമായി നടത്തിയ ചർച്ചകളൊന്നും സമവായത്തിൽ എത്തിയിരുന്നില്ല. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്റ്റേഷനിൽ എത്തി കുടുംബത്തെ കണ്ടു. ആഭ്യന്തരമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജയബാലകൃഷ്ണന്റെ മക്കളോട് ഫോണിൽ നേരിട്ട് സംസാരിച്ചു. പിന്നാലെയാണ് കുടുംബം സ്റ്റേഷനിൽ നിന്ന് പിരിഞ്ഞു പോകാൻ തയ്യാറായത്. എന്നാൽ നാലുമണിക്ക് മുൻപ് തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ ചേരാനല്ലൂർ സ്റ്റേഷനു മുന്നിൽ സമരം തുടരുമെന്ന് കുടുംബം പറഞ്ഞു.