ഭിന്നശേഷിയുള്ള സഹോദരിയുടെ ജീവിതാവസ്ഥയില്‍ മനസ് മടുത്ത സഹോദരന് ഇരുവരുടേയും ജീവിതം അവസാനിപ്പിച്ചു. സഹോദരിയെ കൊന്നശേഷം സഹോദരനും സ്വയം ജീവനൊടുക്കി. തൃശൂര്‍ ചിറ്റിശേരിയില്‍ നിന്നാണ് മനസ് വേദനിപ്പിക്കുന്ന സംഭവം.
ചിറ്റിശേരി സ്വദേശിയായ ഇന്ദിരയ്ക്ക് അറുപത്തിമൂന്നു വയസുണ്ട്. ഏകസഹോദരന് അപ്പുവിനാകട്ടെ അന്‍പത്തിയേഴും. അപ്പു ചുമട്ടുതൊഴിലാളിയാണ്. ഭാര്യയും മൂന്നു മക്കളുമുണ്ട്. രണ്ട് മക്കള്‍ സൈന്യത്തിലാണ്. ഭിന്നശേഷിക്കാരിയായ സഹോദരിയെ സ്വന്തംവീട്ടില്‍ തന്നെയാണ് അപ്പു പരിപാലിച്ചിരുന്നത്. അറുപത്തിമൂന്നു വയസു പിന്നിട്ട സഹോദരിയെ അനാഥാലയത്തിലേയ്ക്കു മാറ്റാന്‍ ചര്‍ച്ചകളുണ്ടായി. അപ്പുവിനും കുടുംബത്തിനും സഹോദരി ഭാരമാകുന്ന സാഹചര്യം. സഹോദരിയെ അനാഥാലയത്തിലാക്കാന്‍ സഹോദരന്റെ മനസ് അനുവദിച്ചില്ല. അങ്ങനെയാണ്, സഹോദരിയെ കൊന്ന് സഹോദരന് ജീവനൊടുക്കിയതെന്ന് പുതുക്കാട് പൊലീസ് പറയുന്നു.
അപ്പുവും കുടുംബവും ഇന്ദിരയെ മികച്ച രീതിയിലാണ് പരിപാലിച്ചിരുന്നത്. സംഭവം നടക്കുമ്പോള്‍ സഹോദരങ്ങള്‍ മാത്രമായിരുന്നു വീട്ടില്‍. അപ്പുവിന്റെ ഭാര്യ മകന്റെ വീട്ടിലേയ്ക്കു രാത്രി പോയതായിരുന്നു. രാവിലെ തിരിച്ചെത്തിയപ്പോഴാണ് മരണം കാണുന്നത്. പുതുക്കാട് പൊലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.