അഞ്ചാം വയസിനുള്ളിൽ കരാട്ടെ ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കിയ ഒരു മിടുക്കനുണ്ട് തൃശൂരിൽ. രണ്ടര വയസിൽ പരിശീലനം തുടങ്ങിയ ഈ കുഞ്ഞു മിടുക്കൻ ഇതിനകം ദേശീയ ചാമ്പ്യനാണ്.
കുഞ്ഞ് എഡ്ഫ്രിഡാണ് ആ കരാട്ടെ കിഡ്. എന്നാൽ കൈകളിൽ കളിപ്പാട്ടങ്ങളല്ല, മറിച്ച് കരാട്ടെയുടെ കരുത്തുറ്റ അടവുകളാണ്. സഹോദരന്‍റെ ശിക്ഷണത്തിൽ ഗ്രീൻ ബെൽറ്റ് വരെയുള്ള അടവുകൾ പഠിച്ചശേഷമാണ് ശാസ്ത്രീയ പരിശീലനത്തിലേക്ക് കടന്നത്. വിയൂർ സ്വദേശികളായ അന്ന - ജാക്സൺ ദമ്പതികളുടെ മകനാണ് എഡ്ഫ്രിഡ്.
ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ അഞ്ചുവയസിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് ഈ മിടുക്കന്‍. എറണാകുളത്ത് നടന്ന സൗത്ത് ഇന്ത്യൻ ടൂർണമെന്‍റിലും ഒന്നാമൻ തന്നെ. തുടർച്ചയായി 12 കത്തകൾ അവതരിപ്പിച്ച് അന്താരാഷ്ട്ര തലത്തിലും പ്രശംസ നേടി. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും എഡ്ഫ്രിഡിന്‍റെ പേരുണ്ട്.
കുന്നംകുളം ഗുഡ് ഷെപ്പേർഡ് സി.എം.ഐ. സ്കൂളിലെ യു.കെ.ജി. വിദ്യാർഥിയാണ് എഡ്ഫ്രിഡ്. ഇപ്പോൾ തൃശൂരിലെ ബുഡോ ഷോട്ടോക്കാൻ പരിശീലകൻ സൈനുദ്ദീന്‍റെ ശിക്ഷണത്തിലാണ് എഡ്ഫ്രിഡിന്‍റെ പരിശീലനം. ആവേശവും കൗതുകവും പവറുമാണ് ഇത്തിരി പോന്ന എഡ്ഫ്രിഡിന്‍റെ കണ്ണുകളിൽ. സെക്കൻഡ് ഡാൻ ബ്ലാക്ക് ബെൽറ്റിന് വേണ്ടിയുള്ള പരിശീലനത്തിലാണ് ഇപ്പോൾ. വളർന്നുവരുന്ന ജാക്കിചാനെന്നോ, ബ്രൂസിലി എന്നു വിളിച്ചാലോ തെറ്റില്ല.