കണ്ണൂർ വൈദേകം റിസോർട്ട് നിക്ഷേപത്തിൽ പുതിയ ആരോപണവുമായി ഇ.പി.ജയരാജന്റെ സഹോദരിയുടെ മകൻ ശ്യാംജിത്ത്. ഇ.പി.ജയരാജന്റെ ഭാര്യ നിക്ഷേപിച്ചത് ശശിധരൻ കർത്തയുടെ പണമാണെന്നാണ് ആരോപണം. എന്നാൽ, റിസോർട്ടുമായി തനിക്ക് സാമ്പത്തിക ബന്ധമോ ഓഹരി പങ്കാളിത്തമോ ഇല്ലെന്ന് ഇ.പി.ജയരാജൻ വ്യക്തമാക്കി. അതേസമയം, ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും പോസ്റ്റിട്ടത് താനല്ലെന്നും ശ്യാംജിത്ത് വിശദീകരിച്ചു. ശ്യാംജിത്തിന്റെ ഭാര്യക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ ഇന്നലെ കേസെടുത്തിരുന്നു.

ഇ.പി.ജയരാജന്റെ ഭാര്യക്കും മകനും നിക്ഷേപമുണ്ടായിരുന്ന റിസോർട്ടിൽ പല കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് സഹോദരിയുടെ മകൻ ഇ.പി.ശ്യാംജിത്ത് ആയിരുന്നു. ശ്യാംജിത്തിന്റെ ഭാര്യ ദീപ അക്കൗണ്ടന്റും. വ്യാജ വൗച്ചർ ഉണ്ടാക്കിയും സ്ഥാപനത്തിനായി വാങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചും ദീപ അഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി കാട്ടി വൈദേഹം റിസോർട്ട് മാനേജ്മെന്റ് തളിപ്പറമ്പ് പൊലീസിൽ നൽകിയ പരാതിയിൽ കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്യാംജിത്ത് ആദ്യ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.

വൈദേകം റിസോർട്ടിൽ ഇപിയുടെ ഭാര്യ ചെലവഴിച്ചത് ശശിധരൻ കർത്തയുടെ പണമാണെന്നും വലിയ തോതിൽ കള്ളപ്പണം എത്തി എന്നുമായിരുന്നു പോസ്റ്റ്. ഞാൻ ജീവിതം അവസാനിപ്പിക്കുകയാണെന്നും പൂർണ ഉത്തരവാദിത്തം ഇ.പി.ജയരാജനും ഭാര്യക്കുമാണെന്നും ഫെസ്ബുക്കിൽ പോസ്റ്റിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശ്യാംജിത്തിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി ഇ.പി.ജയരാജൻ മാധ്യമങ്ങളെ കണ്ടത്. ശ്യാംജിത്തിന്റെ സാമ്പത്തിക ക്രമക്കേട് പുറത്തുവന്നതിനു പിന്നാലെയാണ് വ്യാജ ആരോപണമെന്ന് ഇ.പി.ജയരാജൻ പ്രതികരിച്ചു.

സംഭവം വിവാദമായതോടെ ശ്യാംജിത്ത് പോസ്റ്റ് പിൻവലിച്ചു. എഫ്ബിയിൽ ഇട്ട പോസ്റ്റുകളുമായി തനിക്ക് ബന്ധമില്ലെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും കാട്ടി ശ്യാംജിത്ത് അടുത്ത ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. ശബരിമല യാത്രയിലാണെന്നും കണ്ണൂരിൽ തിരിച്ചെത്തിയ ശേഷം കൂടുതൽ കാര്യങ്ങൾ പറയാം എന്നുമാണ് പോസ്റ്റിലുള്ളത്. ഇതോടെ തളിപ്പറമ്പ് മൊറാഴയിലെ വൈദേകം റിസോർട്ട് വീണ്ടും വിവാദങ്ങളിൽ നിറയുകയാണ്.

ENGLISH SUMMARY:

Fresh controversy has erupted surrounding the Vaidekam resort in Kannur following new financial allegations made by Shyamjith, the nephew of CPI(M) leader E.P. Jayarajan. Shyamjith had initially alleged via a social media post that funds invested by Jayarajan's family originated from businessman Sasidharan Kartha, before deleting the post and claiming his account was hacked. This development followed a police case registered against Shyamjith's wife, Deepa, over alleged financial fraud and the creation of fake vouchers while working as an accountant at the resort. In response, E.P. Jayarajan strongly denied any financial ties or shareholding in the resort, dismissing the allegations as a reaction to the fraud case.