ആരോഗ്യ മന്ത്രി കെ. മുരളീധരനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ മുന്‍ ആരോഗ്യമന്ത്രിമാരായ വീണാ ജോർജിനെയും കെ.കെ ശൈലജയേയും പി.കെ ശ്രീമതിയേയും പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയിലെ ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് വി.ടി ബല്‍റാമിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്. 'കമ്മി'ഷൻ അമ്മമാർ എന്ന് ചിത്രത്തിന് അടിക്കുറുപ്പുമിട്ടുണ്ട്.
ആരോഗ്യവകുപ്പ് കെ. മുരളീധരന്‍റെ കൈകളിലായതോടെ വകുപ്പിൽ തുടർച്ചയായി പ്രശ്നങ്ങളാണെന്ന് വീണ ജോര്‍ജും കെ.കെ ശൈലജയും പി.കെ ശ്രീമതിയും ഇന്നലെ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. എസ്എംഎ മരുന്ന് വിവാദവുമായി ബന്ധപ്പെട്ട് മരുന്ന് കമ്പനികളുമായുള്ള കെ. മുരളീധരന്‍റെ ബന്ധം അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വി.ടി ബല്‍റാമിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്.
അതേസമയം എസ്എംഎ രോഗബാധിതരായ കുട്ടികള്‍ക്ക് ഇന്ത്യന്‍ മരുന്ന് കൊടുക്കുന്നത് തുടരുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. ഇന്ത്യന്‍ മരുന്ന് സുരക്ഷിതമാണെന്ന് വിദഗ്ധസമിതി ചെയര്‍മാനും വ്യക്തമാക്കി. മറ്റു മരുന്നുകളില്ലാത്ത സാഹചര്യത്തിലാണ് വിദേശ മരുന്ന് നല്‍കിയതെന്നും ക്ലിനിക്കല്‍ ട്രയല്‍ എന്നെഴുതിയതില്‍ ഭയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങളുടെ മരുന്നു മാറ്റത്തെ കുറിച്ചുള്ള രക്ഷിതാക്കളുടെ ആശങ്ക അവഗണിച്ച് മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം.