ആരോഗ്യ മന്ത്രി കെ. മുരളീധരനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ മുന്‍ ആരോഗ്യമന്ത്രിമാരായ വീണാ ജോർജിനെയും കെ.കെ ശൈലജയേയും പി.കെ ശ്രീമതിയേയും പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ പങ്കുവച്ച പോസ്റ്റ് ചര്‍ച്ചയായിരുന്നു. 'ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം' എന്ന സിനിമയില്‍ നിന്നും മീമുകള്‍ക്കായി ഉപയോഗിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് വി.ടി ബല്‍റാമിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. 'കമ്മി'ഷൻ അമ്മമാർ എന്ന് ചിത്രത്തിന് അടിക്കുറുപ്പുമിട്ടിരുന്നു.
പിന്നാലെ ബല്‍റാമിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരു എംഎല്‍എ ഇത്തരത്തില്‍ പോസ്റ്റ് പങ്കുവച്ചത് ശരിയായില്ലെന്നാണ് വിമര്‍ശനമുയര്‍ന്നത്. വിമര്‍ശകര്‍ക്ക് മറുപടിയുമായി വീണ്ടും കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ബല്‍റാം. "കുഞ്ഞുങ്ങൾക്കായി ഒരുമിച്ച് ഇറങ്ങി അമ്മമാർ" എന്ന് പറഞ്ഞ് ആ മുൻ മന്ത്രിമാരെ പൈങ്കിളിവൽക്കരിച്ചത് നിങ്ങളുടെ സ്വന്തം പാർട്ടി ചാനലായ കൈരളിയാണെന്ന് ബല്‍റാം പറഞ്ഞു. പറയുന്ന വിഷയത്തിൽ പ്രാഥമിക വിവരം പോലുമില്ലാതെ നുണയും കുശുമ്പും പൊങ്ങച്ചവും സമാസമം ചേർത്ത് തള്ളിമറിക്കുന്ന മൂന്ന് സ്ത്രീകൾ ആ സിനിമാ സീനിനെ കൃത്യമായി ഓർമ്മപ്പെടുത്തി എന്നും ബല്‍റാം കുറിപ്പില്‍ പറഞ്ഞു.
'ഒരു സിനിമയിലെ ഹാസ്യ സീൻ വച്ച് ട്രോൾ പോസ്റ്റിട്ടതിന് എന്നെ തെറിവിളിച്ച് മരിക്കുകയാണ് കുറേ കമ്മികൾ. ഒരു MLA ഇങ്ങനെ പറയാമോ എന്ന് പറഞ്ഞ് നിലവാര പരിശോധനക്കരച്ചിലുമായി വേറെ കുറേയെണ്ണങ്ങൾ. അവരോടൊക്കെയായി ഒരൊറ്റ മറുപടി.
"കുഞ്ഞുങ്ങൾക്കായി ഒരുമിച്ച് ഇറങ്ങി അമ്മമാർ" എന്ന് പറഞ്ഞ് ആ മുൻ മന്ത്രിമാരെ പൈങ്കിളിവൽക്കരിച്ചത് നിങ്ങളുടെ സ്വന്തം പാർട്ടി ചാനലായ കൈരളിയാണ്. അങ്ങനെ ഈ "അമ്മമാർ" ഒരുമിച്ചിറങ്ങിയിട്ടുണ്ടെങ്കിൽ അത് കുഞ്ഞുങ്ങൾക്ക് വേണ്ടിയല്ല, വിദേശ കുത്തക മരുന്നുകമ്പനിയിൽ നിന്നുള്ള കമ്മീഷന് വേണ്ടിയാണ് എന്ന രാഷ്ട്രീയ വിമർശനമാണ് ഞാൻ ട്രോൾ പോസ്റ്റിലൂടെ നടത്തിയത്. പറയുന്ന വിഷയത്തിൽ പ്രാഥമിക വിവരം പോലുമില്ലാതെ നുണയും കുശുമ്പും പൊങ്ങച്ചവും സമാസമം ചേർത്ത് തള്ളിമറിക്കുന്ന മൂന്ന് സ്ത്രീകൾ ആ സിനിമാ സീനിനെ കൃത്യമായി ഓർമ്മപ്പെടുത്തി എന്ന് മാത്രം.
രാഷ്ട്രീയ നേതാക്കളെ അമ്മയും ക്യാപ്റ്റനും കാരണഭൂതനുമൊക്കെയായി തലയിലേറ്റിനടക്കാൻ ഏത് അൽപ്പബുദ്ധിക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ ബാക്കിയുള്ള സാധാരണ മനുഷ്യർക്ക് ഇതൊക്കെക്കണ്ടാൽ പുച്ഛവും പരിഹാസവുമാണ് തോന്നുക. സഹിക്കുക. വേറെ മാർഗ്ഗമില്ല. ആരോഗ്യ വകുപ്പിലെ കഴിഞ്ഞ പത്ത് വർഷത്തെ പർച്ചേസുകളേക്കുറിച്ച് സമഗ്രമായ ഒരു വിജിലൻസ് അന്വേഷണത്തിന് സർക്കാർ അടിയന്തരമായി തീരുമാനമെടുക്കണം,' ബല്‍റാം കുറിച്ചു.