തിരുവനന്തപുരത്തിന്റെ മലയോര മേഖലയില്‍ ശക്തമായ മഴ. വിതുര, പൊന്മുടി തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്ത മഴ പെയ്തത്. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

വിതുരയില്‍ റോഡില്‍  വെള്ളം കയറി. വാമനപുരം നദിയില്‍ ജലനിരപ്പുയരുന്നു. മക്കിയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. പേപ്പാറ, ആനപ്പാറ മേഖലകളിലെ വീടുകളില്‍ വെള്ളംകയറി. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. കൊല്ലത്തും കനത്ത മഴ പെയ്തു. ചാത്തന്നൂരില്‍ സര്‍വീസ് റോഡുകളില്‍ വെള്ളം കയറി. ഗതാഗതം സ്തംഭിച്ചു. പുതിയ ദേശീയപാതയിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു.

സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാവുകയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കി. ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്കും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്. 

ശനിയാഴ്ച വരെ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. മലയോര മേഖലയിലുള്ളവരും വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ENGLISH SUMMARY:

Kerala rains today updates cover heavy downpours in Thiruvananthapuram and Kollam districts alongside orange and yellow alerts issued across the state. Residents in hilly and low-lying areas must remain vigilant as water levels rise in rivers and dams.