പത്തനംതിട്ട പുളിക്കീഴിലെ ചതുപ്പിൽ മൂന്ന് വർഷം മുൻപ് കണ്ടെത്തിയ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അമ്മയും നാടോടി സ്ത്രീയുമായ പാലക്കാട് മീങ്കര സ്വദേശി മഞ്ജു അറസ്റ്റിലായി . അമ്മയുടെ കാമുകനാണ് കൊലയാളി.
2023 ഓഗസ്റ്റ് 12-നാണ് തിരുവല്ല പുളിക്കീഴ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിക്ക് സമീപത്തെ ചതുപ്പിൽ എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കൈപ്പത്തിയും കാലും ഇല്ലാത്ത നിലയിലായിരുന്നു മൃതദേഹം. കുഞ്ഞിനെ കാണാതായതായി പരാതിയോ മിസിങ് കേസോ രജിസ്റ്റർ ചെയ്തിരുന്നില്ല. നാടോടി കുടുംബത്തിൽപ്പെട്ട കുഞ്ഞായതിനാൽ ആളെ തിരിച്ചറിയാനും കഴിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലാതിരുന്നതും അന്വേഷണത്തിന് തിരിച്ചടിയായി. ഇതോടെ കേസ് വഴിമുട്ടി.
Also read: ലൈംഗിക വേഴ്ചയ്ക്കിടെ കുഞ്ഞ് കരഞ്ഞു; കാമുകന് ശ്വാസംമുട്ടിച്ച് കൊന്നു; കുഞ്ഞിന്റെ മരണത്തില് ട്വിസ്റ്
മൂന്ന് വർഷത്തിന് ശേഷമാണ് പാലക്കാട് മീനാക്ഷിപുരം പൊലീസ് സ്റ്റേഷനിലെത്തിയ മറ്റൊരു വിവരം കേസിൽ വഴിത്തിരിവായത്. നാടോടികൾ കൂട്ടമായി താമസിച്ചിരുന്ന സ്ഥലത്തുണ്ടായ തർക്കത്തിനിടെ കുഞ്ഞിന്റെ കൊലപാതക വിവരം പുറത്തുവരികയായിരുന്നു. വിവരം പ്രദേശത്തെ എസ്.സി. പ്രമോട്ടർ മുഖേന പൊലീസിൽ എത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പുളിക്കീഴിൽ കണ്ടെത്തിയ കുഞ്ഞിന്റെ മൃതദേഹവുമായി സംഭവത്തിന് ബന്ധമുണ്ടെന്ന് വ്യക്തമായത്. കുഞ്ഞിന്റെ അമ്മ മഞ്ജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
കാമുകനായ ശിവയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് മഞ്ജുവിന്റെ മൊഴി. ആലപ്പുഴയിൽ വച്ച് പരിചയപ്പെട്ട ശിവയ്ക്കൊപ്പം മഞ്ജു ചങ്ങനാശ്ശേരിയിലെത്തുകയായിരുന്നു. ഇവിടെ കെഎസ്ആർടിസി ജംഗ്ഷനിലെ ഫ്ലവർ ഷോപ്പിന്റെ തിണ്ണയിൽ വച്ച് ശിവയും മഞ്ജുവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ കുഞ്ഞ് കരഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നാണ് മൊഴി.
കുഞ്ഞിന്റെ മൂക്കും വായും പൊത്തിപ്പിടിച്ചും കഴുത്ത് ഞെരിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് മൊഴി. തുടർന്ന് ശിവ സഹോദരൻ ശക്തിയെ വിളിച്ചുവരുത്തി. മൂവരും ചേർന്ന് കുഞ്ഞിന്റെ മൃതദേഹം സ്കൂട്ടറിൽ പുളിക്കീഴിലെത്തിച്ച് ചതുപ്പിൽ കുഴിയെടുത്ത് മൂടിയെന്നും മൊഴിയിലുണ്ട്. രണ്ടുദിവസത്തിന് ശേഷം ദുർഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ കുഞ്ഞിനെക്കുറിച്ച് മിസിങ് കേസ് ഇല്ലാതിരുന്നതിനാൽ അന്വേഷണത്തിന് നിർണായകമായ വിവരങ്ങൾ ലഭിച്ചില്ല.
കഴിഞ്ഞദിവസം പാലക്കാട് വച്ച് മഞ്ജുവും ശിവയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെയാണ് കുഞ്ഞിന്റെ കൊലപാതകത്തെക്കുറിച്ച് ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത്. ഇതാണ് കേസിൽ നിർണായകമായത്. കഴിഞ്ഞ രാത്രി മഞ്ജുവിനെ പുളിക്കീഴിലെത്തിച്ച് കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്ത സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തി. കാമുകൻ ശിവയ്ക്കും സഹോദരൻ ശക്തിക്കും ഉൾപ്പെടെ സംഭവവുമായി ബന്ധമുള്ളവർക്കായി അന്വേഷണം ശക്തമാക്കി.