• സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം രണ്ട് മണിക്കൂർ കുറയ്ക്കുന്നതടക്കമുള്ള നിർദേശങ്ങളുമായി എക്സൈസ് വകുപ്പിന്റെ പുതിയ മദ്യനയ കരട്.

സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം രണ്ട് മണിക്കൂർ കുറയ്ക്കുന്നതടക്കമുള്ള നിർദേശങ്ങളുമായി എക്സൈസ് വകുപ്പിന്റെ പുതിയ മദ്യനയ കരട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനയ്ക്കുള്ള നിർദേശങ്ങൾ ഒഴിവാക്കുക, ബാർ ലൈസൻസ് ഫീസ് 20 ശതമാനം വർധിപ്പിക്കുക, അധിക ഫീസ് നൽകി പുലർച്ചെ വരെ ബാറുകൾ പ്രവർത്തിക്കാൻ അനുവദിക്കുന്ന വ്യവസ്ഥ ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും കരടിലുണ്ട്. 

നിലവിൽ രാവിലെ 10 മുതൽ രാത്രി 12 വരെയാണ് ബാറുകളുടെ പ്രവർത്തനസമയം. ഇത് രാവിലെ 11 മുതൽ രാത്രി 11 വരെയാക്കി പുനഃക്രമീകരിക്കാനാണ് നിർദേശം. ബാർ ലൈസൻസ് അനുവദിക്കുന്ന വിഭാഗങ്ങളിലും മാറ്റം വരുത്താൻ കരട് ശുപാർശ ചെയ്യുന്നു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതിന്റെ വിൽപന അനുവദിക്കേണ്ടതില്ലെന്നാണ് എക്സൈസ് വകുപ്പിന്റെ നിലപാട്. 15 ശതമാനം വരെ വീര്യമുള്ള ഹോർട്ടി വൈൻ ബേക്കറികളിലൂടെ വിൽക്കാമെന്ന എൽഡിഎഫ് സർക്കാരിന്റെ നിർദേശവും പുതിയ കരടിൽ ഒഴിവാക്കും. Also Read: മൃതദേഹത്തോട് ലൈംഗികാതിക്രമം; ബന്ധുക്കൾ കണ്ടതോടെ ശവപ്പെട്ടിയിൽനിന്ന് ചാടിയോടി; വയോധികൻ പിടിയിൽ

മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായം 23 വയസ് പിന്നിട്ടെന്ന് ഉറപ്പാക്കാതെ മദ്യം വിതരണം ചെയ്താൽ ബാർ ലൈസൻസികൾക്കും ബവ്കോ ജീവനക്കാർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കരട് നിർദേശിക്കുന്നു. എലപ്പുള്ളിയിൽ എൽഡിഎഫ് സർക്കാർ അനുമതി നൽകിയ സ്വകാര്യ മദ്യനിർമാണ പ്ലാന്റിന്റെ അനുമതി റദ്ദാക്കാനും ശുപാർശയുണ്ട്.

മേനോൻപാറയിൽനിന്ന് വിപണിയിലെത്തിക്കാൻ ലക്ഷ്യമിട്ട മിന്നൽ മാജിക് ബ്രാൻഡിയുടെ ഉൽപാദനം വിദഗ്ധ സമിതിയുടെ പരിശോധനയ്ക്കുശേഷം മാത്രമേ ആരംഭിക്കൂവെന്നും കരടിൽ വ്യക്തമാക്കുന്നു.

എക്സൈസ് മന്ത്രി എം. ലിജു മദ്യവിരുദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, മുൻ എക്സൈസ് മന്ത്രിമാർ എന്നിവരുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് കരട് തയ്യാറാക്കിയതെന്നാണ് വിവരം. മന്ത്രിസഭാ ഉപസമിതി കരട് ചർച്ച ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കും. തുടർന്ന് യുഡിഎഫിൽ ചർച്ച നടത്തിയശേഷം നവംബർ 30നകം മദ്യനയം അന്തിമമാക്കാനാണ് നീക്കം.

ENGLISH SUMMARY:

The Excise Department's draft liquor policy proposes reducing bar operating hours by two hours across Kerala. Other key recommendations include dropping proposals for the sale of low-alcohol beverages, increasing bar licence fees by 20 per cent, and scrapping the provision that allows bars to remain open until the early hours of the morning by paying an additional fee. Currently, bars in the state operate from 10 a.m. to midnight. The draft proposes changing these hours to 11 a.m. to 11 p.m. It also recommends changes to the categories of establishments eligible for bar licences.