കോഴിക്കോട് തൊട്ടില്പാലത്തു നിന്നു ദുരൂഹ സാഹചര്യത്തില് കാണാതായ അധ്യാപിക അനുമോളെ കണ്ടത്താന് പ്രത്യേക സംഘങ്ങള് രൂപീകരിച്ചു പൊലീസ്. നാദാപുരം ഡി.വൈ.എസ്.പിയുടെയും തൊട്ടില്പാലം പൊലീസിന്റെയും നേതൃത്വത്തില് വിവിധ ജില്ലകളില് തിരച്ചില് തുടരുകയാണ്. അനുമോള് നിരവധി കേസുകളില് പ്രതിയായ വടകര തോടന്നൂര് സ്വദേശി അബ്ദുള് സമദിനൊപ്പം പോയതാണന്നു പൊലീസ് സ്ഥിരീകരിച്ചു. കുടുംബത്തിന്റെ ഹെബിയസ് കോര്പ്പസ് ഹര്ജി വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും.
അഞ്ചാം തിയ്യതിയാണു തൊട്ടില്പാലം മൊയിലോത്തറ ജി.എല്.പി.എസിലെ അധ്യാപിക അനുമോളെ കാണാതായത്. 10 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനാവത്തിനെ തുടര്ന്നു വിമര്ശനം കടുത്തതോടെയാണു നാദാപുരം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില് പുതിയ ടീം രൂപീകരിച്ചത്. അഞ്ചാം തിയ്യതിക്കുശേഷം അനുമോളുടെ ഫോണ് സ്വിച്ച് ഓണ് ആയിട്ടില്ല. വൈഫൈ വഴി വാട്സ് ആപ്പ് മാത്രമാണ് ഉപയോഗിക്കുന്നത്. വൈഫൈയുടെ ഐ.പി. അഡ്രസിലൂടെ ലോക്കേഷന് കണ്ടെത്താന് ദിവസങ്ങളെടുക്കുന്നതാണു നിലവിലെ പ്രതിസന്ധി. കഴിഞ്ഞ ഏഴ് ,എട്ടു തിയ്യതികളില് അനുമോള് മാഹിയിലെത്തിയതായി പൊലീസിനു വിവരം കിട്ടിയിരുന്നു. തിരച്ചില് നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
ഒടുവിലായി കാസര്കോട് ചെറുവത്തൂരിലാണ് വാട്സ് ആപ്പ് ഉപയോഗിച്ച വൈഫൈ ലോക്കേഷന്. ഇക്കാരണത്താല് സംസ്ഥാനം വിട്ടെന്നാണു വിലയിരുത്തല്. വടകര തോടന്നൂര് സ്വദേശി അബ്ദുള് സമദും അനുമോളും ഒന്നിച്ചാണുള്ളതെന്നാണു പൊലീസ് കണ്ടെത്തി. ഇയാളുടെ പേരില് 7 സിം കണക്ഷനുകളുണ്ട്. ഇതില് നിന്നുള്ള കോള് വിവരങ്ങള്ക്കായി തൊട്ടില്പാലം പൊലീസ് സൈബര് സെല്ലിനു കൈമാറിയിട്ടുണ്ട്. അതേസമയം സമദുമായുള്ള ബന്ധം അധ്യാപിക ജോലി ചെയ്തിരുന്ന സ്കൂളിലെ സഹപ്രവര്ത്തകര്ക്ക് അറിയുമായിരുന്നുവെന്ന വിവരവും പൊലീസിനു ലഭിച്ചു.പലപ്പോഴായി ഇവരെ കാണാനായി സമദ് സ്കൂളിലെത്തിയിരുന്നുവെന്നാണു സഹപ്രവര്ത്തകരുടെ മൊഴി.
ഭര്ത്താവ് നല്കിയ ഹെബിയസ് കോര്പ്പസ് ഹര്ജി വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും.ഇതിനുമുന്പായി ഇരുവരെയും കണ്ടെത്താനാനുള്ള തീവ്ര ശ്രമത്തിലാണു പൊലീസ്. ഗുരുതര കരള് രോഗത്തെ തുടര്ന്നു പത്തുവര്ഷം മുന്പ് ഭര്ത്താവിന്റെ കരള് സ്വീകരിച്ച അനുമോള്ക്ക് ജീവന് നിലനിര്ത്താന് ദിവസവും വിലകൂടിയ മരുന്നുകള് കഴിക്കേണ്ടതുണ്ട്. മരുന്നുകള് മുടങ്ങിയാല് ഗുരുതരാവസ്ഥയിലാകുമെന്നാണു കുടുംബത്തിന്റെ ആശങ്ക.