ലഹരി ഉപയോഗത്തിനായി വീട് വാടകയ്ക്കെടുത്തു താമസിച്ച കമിതാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ കക്കുഴിപ്പാലത്തെ ഹോം സ്റ്റേയില്‍ നിന്നാണു നന്മണ്ട സ്വദേശി തനോത്ത് വീട്ടില്‍ കെ.എസ്.അനന്ദു(26),കാമുകി പുതിയാപ്പ സ്വദേശി പണ്ടാരക്കണ്ടി താഴത്ത് വീട്ടില്‍ ടി.കീര്‍ത്തന (21) പിടിയിലായത്.
സംശയിക്കാതിരിക്കാന്‍ ഹോം സ്റ്റേ, വാതില്‍ മുട്ടിയിട്ടും തുറക്കാത്തത് പണിയായി
കക്കുഴിപ്പാലത്തെ ഷിജിയെന്നയാള് വീടിന്റെ ഒരു നില ഹോം സ്റ്റേയായി മാറ്റിയിരുന്നു. വീടിന്റെ താഴത്തെ നില ദിവസ വാടകയ്ക്കായി നല്‍കുകയും ഷിജിയുടെ കുടുംബം മുകള്‍ നിലയില്‍ താമസിക്കുകയയുമാണ് ചെയ്യുന്നത്. ഇന്നലെ ഉച്ചയോടെ രണ്ടുപേരെത്തി വീട് വാടകയ്ക്ക് ചോദിച്ചു. തൊട്ടുത്തുള്ള ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയതാണന്നായിരുന്നു അറിയിച്ചത്. തുടര്‍ന്ന് ഐ.ഡി. കാര്‍ഡും 4500 രൂപ അഡ്വാന്‍സും വാങ്ങി മുറികള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ വൈകീട്ട് മുറിയിലെ വീട്ടുമാലിന്യം നിക്ഷേപിക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ പറയുന്നതിനായി വീട്ടുമട പലതവണ വാതിലില്‍ മുട്ടി.തുറക്കാത്തതിനെ തുടര്‍ന്നു പരിഭ്രാന്തിയിലായ ഇവര്‍ ടോള്‍ ഫ്രീ നമ്പറായ 112 വിളിച്ചു. തുടര്‍ന്നാണ് പൊലീസ് സ്ഥലത്ത് എത്തിയത്.
ലഹരി ഉപയോഗിച്ചു കിറുങ്ങി–വാതില്‍ തുറന്നപ്പോള്‍ പൊലീസ്
പൊലീസെത്തി വീട്ടുടമയില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ച ശേഷം വാതിലില്‍ മുട്ടി. പ്രതികരണമുണ്ടാവത്തതിനെ തുടര്‍ന്നു വീണ്ടും ശക്തിയായ മുട്ടി. പലതവണ വാതിലിലും ജനലിലും തട്ടിയതിനെ തുടര്‍ന്നാണ് ഇരുവരും വാതില്‍ തുറന്നത്. മുന്നില്‍ നില്ക്കുന്ന പൊലീസിനെ കണ്ടതോടെ ഇരുവരും പരിഭ്രമിച്ചു. ചോദ്യങ്ങള്‍ക്കു പരസ്പര വിരുദ്ധമായ മറുപടികള്‍ നല്‍കിയതോടെ പൊലീസ് അകത്തു കയറി ദേഹപരിശോധന അടക്കം നടത്തുകയായിരുന്നു. രണ്ട് പേരുടെയും പാന്റിന്റെ പോക്കറ്റില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച എം.ഡി.എം.എ കണ്ടെടുക്കുകയും, മുറിയില്‍ നിന്നു എം.ഡി.എം.എ തൂക്കാന്‍ ഉപയോഗിക്കുന്ന ത്രാസ്സും, പതിനൊന്നായിരം (11000/) രൂപയും രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു
അനന്ദു സ്ഥിരം ലഹരി വില്പനക്കാരന്
ഓഗസ്റ്റ് എട്ടിനു കോഴിക്കോട് എരഞ്ഞിപ്പാലം രാരിച്ചൻ റോഡിലെ MK QUICK STAY ROOMS എന്ന സ്ഥാപനത്തിൻ്റെ മുൻവശം പാർക്ക് ചെയ്ത ഇന്നോവ കാറിൽ നിന്നും 5.890 ഗ്രാം എം.ഡി.എം.എ കണ്ടെടുത്ത കേസില്‍ അടുത്തിടെയാണ് അനന്ദു ജാമ്യത്തില്‍ ഇറങ്ങിയിയത്.വീണ്ടും ലഹരി വില്പനയ്ക്ക് ഇറങ്ങിയപ്പോഴാണ് പിടിയിലാകുന്നത്. ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 16.16 ഗ്രാം എം.ഡി.എം.എ യുമായി പിടിയിലായതിന് മറ്റൊരു കേസും അനന്ദുവിന്റെ പേരിലുണ്ട്.