Image: Manorama
സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അന്വേഷണം ശക്തമാക്കി ഇ.ഡി. ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി ഉടൻ സമൻസ് നൽകുമെന്നാണ് റിപ്പോർട്ടുകൾ. കേസുമായി ബന്ധപ്പെട്ട് ടി. വീണയെയും വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും. സിഎംആർഎൽ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം ആരംഭിച്ച ഇ.ഡി., വിജിലൻസ് കേസിന്റെ അടിസ്ഥാനത്തിൽ രണ്ട് എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടുകൾ (ഇസിഐആർ) റജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൈക്കൂലി കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളിലാണ് പിണറായി വിജയനെതിരെ അന്വേഷണം നടത്തുന്നത്. ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് മുഹമ്മദ് റിയാസിനെ കേന്ദ്രീകരിച്ച് ഇ.ഡി. അന്വേഷണം നടത്തുന്നത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ വിജിലൻസ് കേസ് റജിസ്റ്റർ ചെയ്തതിന്റെ വിശദാംശങ്ങൾ ഇ.ഡി. നേരത്തെ ശേഖരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധനയും തുടർനടപടികളും പൂർത്തിയാക്കിയ ശേഷമാണ് ഇസിഐആർ റജിസ്റ്റർ ചെയ്തത്.
അതേസമയം, സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് ഇന്ന് നിർണായക ദിനമാണ്. ഇ.ഡി. നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ അനുമതി അപേക്ഷകളിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയും.
പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി മുഹമ്മദ് റിയാസ്, റിയാസിന്റെ സുഹൃത്തുക്കൾ എന്നിവരാണ് സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ കെ. നടരാജൻ, ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അപേക്ഷകളിൽ വിധി പറയുന്നത്.
വിധി പ്രതികൂലമായാൽ ഇവരുടെ അപ്പീലുകൾക്ക് മുന്നോട്ടുപോകുന്നതിൽ നിയമപരമായ തടസ്സങ്ങൾ നേരിടേണ്ടിവരും. തങ്ങളുടെ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നുമാണ് ഹർജിക്കാരുടെ പ്രധാന വാദം. പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് അധികാരമില്ലെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജിക്കാരുടെ നിലപാടിനെ പിന്തുണച്ചായിരുന്നു സംസ്ഥാന സർക്കാരിന്റെയും വാദം.
എന്നാൽ, എഫ്ഐആർ ഇതിനകം റജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അതിനെ ചോദ്യം ചെയ്തല്ലേ ഹർജിക്കാർ കോടതിയെ സമീപിക്കേണ്ടതെന്ന ചോദ്യം വാദത്തിനിടെ ഡിവിഷൻ ബെഞ്ച് ഉന്നയിച്ചിരുന്നു. ഹൈക്കോടതിയുടെ ഇന്നത്തെ വിധി കേസിന്റെ തുടർനടപടികളിൽ നിർണായകമാകും.