സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ഇ.ഡി.യുടെ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പിൽ അനുമതി അപേക്ഷകൾ ഹൈക്കോടതി തള്ളി. ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാമെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച്, ഇതിന് മുൻപ് ആരോപണവിധേയരുടെ വാദം കേൾക്കണമെന്നത് നിയമപരമായ അവകാശമല്ലെന്ന് ചൂണ്ടിക്കാട്ടി. ഉത്തരവിനെതിരെ പിണറായി അടക്കമുള്ളവർ സുപ്രീംകോടതിയെ സമീപിച്ചേക്കും.. Also Read: സുഹൈലിന്റെ ‘ജയില് മേക്ക് ഓവര്’; നീട്ടിവളര്ത്തിയ മുടി സ്വയം പറ്റെവെട്ടി, ബന്ധുക്കള് പോലും തിരിച്ചറിയില്ല
പിണറായി വിജയൻ, മകൾ ടി.വീണ, മുൻ മന്ത്രി മുഹമ്മദ് റിയാസ്, റിയാസിന്റെ സുഹൃത്തുക്കൾ എന്നിവർ നൽകിയ അപ്പീൽ അനുമതി അപേക്ഷകളാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്. എഫ്ഐആര് റജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹർജിക്കാരുടെ അവകാശത്തെ ബാധിക്കുന്നതല്ലെന്ന് ജസ്റ്റിസുമാരായ കെ.നടരാജൻ, ജോൺസൺ ജോൺ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പി.എം.എൽ.എ നിയമപ്രകാരം ഇഡി നൽക്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാമെന്ന് ഉത്തരവിൽ ഡിവിഷൻ ബെഞ്ച് പറഞ്ഞു.
എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആരോപണവിധേയരുടെ വാദം കേൾക്കണമെന്നത് നിയമപരമായ അവകാശമല്ല. അഴിമതിക്കേസുകളിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നിർബന്ധമല്ല. എഫ്ഐആർ റദ്ദാക്കാൻ നിയമപരമായ പരിഹാരങ്ങൾ തുടർന്നും തേടാമെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. തങ്ങളുടെ വാദം കേൾക്കാതെ സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതിൽ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു എന്നായിരുന്നു അപ്പീലിലെ വാദം. പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് അവകാശമില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാണിച്ചിരുന്നു.
ഉത്തരവിനെതിരെ പിണറായി വിജയന് അടക്കമുള്ളവർ സുപ്രിംകോടതിയെ സമീപിച്ചേക്കും. സിംഗിള് ബെഞ്ച് വിധിയിലെ നിയമപ്രശ്നം ചൂണ്ടിക്കാണിച്ചായിരിക്കും സുപ്രീംകോടതിയെ സമീപിക്കുക എന്നാണ് വിവരം.