kochi-synagogue-arson-arrest

കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചയോടെയാണ് കൊച്ചി കടവുംഭാഗം ജൂതപള്ളിക്ക് മുൻവശത്തുള്ള ബ്ലോസം നഴ്സറിയിൽ പെട്രോൾ ഒഴിച്ച് തീയിട്ട സംഭവം ഉണ്ടായത്. കേസിൽ പ്രതിയായ പുത്തൻകുരിശ് സ്വദേശി എബിൻ പോളിനെ എറണാകുളം സെൻട്രൽ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നീല നിറത്തിലുള്ള കാറിലെത്തിയ പ്രതി, വാഹനത്തിൽനിന്ന് ഇറങ്ങി കൈവശമുണ്ടായിരുന്ന പെട്രോൾ ഒഴിച്ച് തീയിടുകയും ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയശേഷം രക്ഷപ്പെടുകയുമായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പുത്തൻകുരിശിലെ വാടക വീട്ടിൽ നിന്നും പിടികൂടിയത്.

‘ബോസിന്റെ’ നിർദേശപ്രകാരം!

എബിൻ പോളിന്റെ മൊബൈൽ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും വിദേശബന്ധങ്ങളുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വിദേശത്തുള്ള വ്യക്തികളുമായും വിവിധ ഓൺലൈൻ ഗ്രൂപ്പുകളുമായും ടെലിഗ്രാമിലൂടെ നടത്തിയ ആശയവിനിമയങ്ങളും കണ്ടെത്തിയിട്ടുണ്ട്. 'ബോസ്' വിശേഷിപ്പിക്കുന്ന ആളുടെ നിർദേശ പ്രകാരമാണ് സിനഗോഗിന് തീയിട്ടതെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

നിർദേശിക്കുന്ന സ്ഥലങ്ങളില്‍ ആക്രമണം നടത്തുക, അതിന്റെ ദൃശ്യങ്ങൾ പകർത്തി അയച്ചുകൊടുക്കുക, ഇതിന് പ്രതിഫലം കൈപ്പറ്റുക എന്ന രീതിയിലാണ് പ്രതി പ്രവർത്തിച്ചിരുന്നത്. ക്രിപ്റ്റോകറൻസി മുഖേനയാണ് ഇടപാടുകൾ. ടെലഗ്രാം ചാറ്റുകളിൽ യഹൂദ ആരാധനാലയങ്ങൾക്ക് പുറമെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആക്രമണം നടത്തുന്നതിനായുള്ള വിവരങ്ങളും പങ്കുവെച്ചിട്ടുണ്ട്.

കാർ ഷോറൂമിന് തീയിട്ട് പരീക്ഷണം

ഒരു മാസം മുൻപ് മുവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിന് തീയിട്ട സംഭവത്തില്‍, എബിൻ പോളിന് പങ്കുണ്ടെന്നതിനുള്ള തെളിവ് ഇയാളുടെ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. വലിയ ആക്രമണങ്ങൾ നടത്തുന്നതിനു മുന്നോടിയായുള്ള പരീക്ഷണമായാണ് ഇത് നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പ്രതിയിൽ നിന്ന് വൻ തോതിലുള്ള രാസ ലഹരി ഉൾപ്പെടെ പിടികൂടിയിട്ടുണ്ട്. 3.613 ഗ്രാം വൈറ്റ് ഹെറോയിന്‍, 2.7 ഗ്രാം ബ്രൗൺ ഹെറോയിൻ, 2.3 ഗ്രാം ഓക്സികോഡോൺ, 5.2 ഗ്രാം ഫെന്റനൈൽ, 20.1 ഗ്രാം ആൽപ്രാസോലം, 50.8 ഗ്രാം കെറ്റാമിൻ, 20.6 ഗ്രാം കെ-റോക്ക് എന്നിവയാണ് പിടിച്ചെടുത്തത്. പ്രതിക്ക് ഓൺലൈൻ വഴി വൻതോതിലുള്ള ലഹരി ഇടപാടുകളും ഉണ്ടായിരുന്നതായാണ് കണ്ടെത്തൽ.

ENGLISH SUMMARY:

Kochi Central Police have arrested Ebin Paul from Puthencruz for allegedly setting fire to a heritage nursery near the Kadavanthra synagogue on Monday. During the investigation, police uncovered disturbing Telegram chats indicating that the accused acted on instructions from a mysterious foreign "Boss" in exchange for cryptocurrency rewards. Further interrogation and phone forensics revealed that he had previously test-fired a used car showroom in Muvattupuzha and possessed high-value synthetic drugs. Authorities are now probing potential international terrorist links and broader conspiracy networks targeting major Indian cities.