തിരുവനന്തപുരം കരമനയിലെ കൂടത്തില് തറവാട്ടിലെ ജയമാധവന് നായരുടെ അരുംകൊലക്ക് ഒമ്പത് വര്ഷത്തിന് ശേഷം കേരള പൊലീസ് ഉത്തരം കണ്ടെത്തി. കാര്യസ്ഥന് രവീന്ദ്രനാണ് കൊലനടത്തിയതെന്ന് നിഗമനത്തില് അറസ്റ്റും രേഖപ്പെടുത്തി. ശാസ്ത്രീയ തെളിവുകളായിരുന്നു കേസ് തെളിയിക്കുന്നതില് പൊലീസ് ആശ്രയിച്ചതും അന്വേഷണത്തില് വഴിത്തിരിവായതും. അതില് ഏറ്റവും നിര്ണായകമായത് ബ്രയിന് മാപ്പിങ്ങാണ്.
കര്ണാടക മഡിവാളയിലെ സയന്റിഫിക് ലാബിലെത്തിച്ചാണ് രവീന്ദ്രനെ തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് സംഘം ബ്രയിന് മാപ്പിങ്ങിന് വിധേയമാക്കിയത്. ജയമാധവന്റേത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചിട്ടും അത് സമ്മതിക്കാതെ കള്ളമൊഴികള് ആവര്ത്തിക്കുകയായിരുന്നു രവീന്ദ്രന്. ഇത് പൊളിക്കാനാണ് ബ്രയിന് മാപ്പിങ് എന്ന ശാസ്ത്രീയ പരിശോധനയെ ആശ്രയിച്ചത്.
കേരളത്തില് നിന്ന് കര്ണാടകയിലെ ലാബില് ബ്രയിന് മാപ്പിങ് നടത്തുന്ന രണ്ടാമത്തെ കേസായിരുന്നു ഇത്. ആദ്യം നടത്തിയത് കാഞ്ഞിരപ്പള്ളിയില് നിന്ന് കാണാതായ ജെസ്നയുടെ തിരോധാന കേസിലാണ്. ജെസ്നയുടെ സുഹൃത്തായിരുന്ന വിദ്യാര്ഥിയാണ് തിരോധാനത്തിന് പിന്നിലെന്ന് ആരോപണവും സംശയവുമുണ്ടായിരുന്നു. ഇതിന് ഉത്തരം കണ്ടെത്താനായിരുന്നു ബ്രയിന് മാപ്പിങ്. പരിശോധനയിലൂടെ ആ വിദ്യാര്ഥിക്ക് തിരോധാനത്തില് പങ്കില്ലെന്ന് ഉറപ്പിച്ചു.
അതിന് ശേഷമാണ് കൂടത്തില് കേസിന്റെ ഫയല് ലാബിലെത്തുന്നത്. പരിശോധന നടത്തേണ്ടയാളെ മയക്കാതെ ശാസ്ത്രീയമായി തലച്ചോറിന്റെ പ്രവര്ത്തനം നിരീക്ഷിക്കുന്നതാണ് ബ്രയിന് മാപ്പിങെന്ന് ചുരുക്കിപ്പറയാം. ബ്രയിന് മാപ്പിങ് സമയത്ത് രവീന്ദ്രന് നായരോട് കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള് ചോദിച്ചു. അതിനെല്ലാം തന്നെ പതിവ് പോലെ രവീന്ദ്രന് ഉത്തരം പറഞ്ഞു. പക്ഷെ അതെല്ലാം നുണയാണെന്ന് പരിശോധനാഫലം. ഒമ്പത് വര്ഷം നീണ്ട കള്ളം പൊളിഞ്ഞത് അങ്ങനെയാണ്.