സിഎംആർഎൽ മാസപ്പടി കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന് മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇഡി. ഇരുവരെയും പ്രതികളാക്കി രണ്ട് വ്യത്യസ്ത ഇസിഐആറുകളാണ് ഇഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിജിലൻസ് എഫ്ഐആർ എടുത്ത് അന്വേഷിക്കണമെന്ന ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പിണറായിക്ക് അനുമതി നൽകണോ എന്നതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയാനിരിക്കെയാണ് ഇഡിയുടെ ഈ നിർണായക നീക്കം.
അതേസമയം പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ കേസുകള് അന്വേഷിക്കാന് രണ്ട് പ്രത്യേക സംഘങ്ങളെ വിജിലന്സ് നിയോഗിച്ചു. വിജിലന്സ് ഡി.ഐ.ജി തോംസണ് ജോസ് മേല്നോട്ടം വഹിക്കും. തെളിവുകള് തേടി ഉടന് ഇഡിക്ക് കത്തയക്കാനും വിജിലന്സ് മേധാവി മനോജ് എബ്രഹാം എസ്ഐടികളോട് നിര്ദേശിച്ചിട്ടുണ്ട്.
പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ ആരോപണങ്ങളിലെടുത്തത് രണ്ട് വ്യത്യസ്ത കേസുകളാണ്. അതിനാലാണ് രണ്ട് എസ്ഐടികള് രൂപീകരിച്ചത്. പിണറായി ഒന്നും ടി. വീണ രണ്ടും സിഎംആര്എല് കമ്പനി പ്രതിനിധികളും പ്രതിയായ മാസപ്പടി കേസിന്റെ അന്വേഷണം തിരുവനന്തപുരത്തെ എസ്. പി ഇ.എന് സുരേഷിനാണ്.
മുഹമ്മദ് റിയാസിനും വീണയ്ക്കും സുഹൃത്തുക്കള്ക്കുമെതിരായ ഹവാല ഇടപാട് ആരോപണത്തിന്റ അന്വേഷണം കോഴിക്കോട് വിജിലന്സ് എസ്.പി ബാലകൃഷണനും നേതൃത്വം വഹിക്കും. രണ്ട് അന്വേഷണത്തിന്റെയും മേല്നോട്ടം വിജിലന്സ് ഐ.ജിയുടെ ചുമതലയുള്ള ഡി.ഐ.ജി തോംസണ് ജോസിനും നല്കി.