pinarayi
  • അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ആവശ്യമായ പണം ആവശ്യപ്പെട്ടതിനും, സ്വീകരിച്ചതിനുമുള്ള തെളിവുകൾ ഇ.ഡി കൈമാറിയ വിവരങ്ങളിലില്ലെന്നും അപ്പീലിൽ

സിഎംആര്‍എല്‍ ഇടപാടിൽ എഫ്ഐആര്‍ റജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ.നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീലുകൾ പരിഗണിക്കുന്നത്. തങ്ങളുടെ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് കേസെടുക്കാന്‍ ഉത്തരവിട്ടതെന്നും, സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയന്‍, ടി.വീണ, പി.എ.മുഹമ്മദ് റിയാസ്, റിയാസിന്റെ സുഹൃത്തുക്കൾ എന്നിവരുടെ അപ്പീൽ. ഉത്തരവ് റദ്ദാക്കണമെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള നിർദേശവും തുടർനടപടികളും സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം. 

ആകെ നാല് സെറ്റ് അപ്പീലുകളാണ് സമർപ്പിച്ചിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ തക്കതായ തെളിവുകള്‍ (പണം ആവശ്യപ്പെട്ടതിനും, സ്വീകരിച്ചതിനും) ഇ.ഡി കൈമാറിയ വിവരങ്ങളിലില്ലെന്ന് അപ്പീലിൽ പറയുന്നു. മുദ്രവച്ച കവറിലെ വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ കേസെടുക്കാന്‍ ഉത്തരവിട്ടത് ശരിയല്ലെന്നും, പൊതുതാൽപര്യ സ്വഭാവമുള്ള ഹർജി പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് അധികാരമില്ലായിരുന്നുവെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അപ്പീലുകൾ ഇന്നലെ കോടതിയുടെ പരിഗണനയ്ക്ക് വന്നെങ്കിലും, പിഴവുകൾ തിരുത്തി സമർപ്പിച്ചശേഷം വാദം കേൾക്കാമെന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.

ടി.വീണയുടെ എക്സാലോജിക്‌ കമ്പനിയുൾപ്പെട്ട ദുരൂഹ ഇടപാടുകേസിലെ ഹർജികൾ ഇന്ന് ഡല്‍ഹി ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്. എസ്ഐഎഫ്ഒയുടെ തുടർനടപടി തടയണമെന്ന സിഎംആര്‍എല്‍ കമ്പനിയുടെ ഹര്‍ജിയിലും ഉപഹർജികളിലുമാണ് ജസ്റ്റിസ് അമിത് ബൻസലിന്റെ  ബെഞ്ച് അന്തിമവാദം കേള്‍ക്കുന്നത്. 2025 ഒക്ടോബറിൽ അന്തിമ വാദം കേൾക്കാള്‍ നിശ്ചയിച്ചിരുന്നെങ്കിലും എസ്.എഫ്.ഐ.ഒയുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും അഭിഭാഷകര്‍ ഹാജരാകാതിരുന്നതിനാല്‍ അന്ന് പരിഗണിച്ചില്ല. ഈ കേസിന്‍റെ അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ കേരളത്തിൽ വിജിലൻസ് കേസെടുത്തത് ഹർജിക്കാർ ഉന്നയിച്ചേക്കും.

ENGLISH SUMMARY:

Pinarayi Vijayan, T. Veena, PWD Minister P.A. Mohammed Riyas and others have appealed before the Kerala High Court challenging a single bench order directing the registration of an FIR in the CMRL-Exalogic financial transactions case. The appellants argue that they were denied natural justice because they were not heard before the order was issued, and seek its cancellation and a stay on further proceedings.