mamkootathil-attack

പത്തനംതിട്ട അടൂരില്‍ മുന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന്റെ സിസിടിവി  ദൃശ്യം പുറത്തുവിട്ടത് . ശനിയാഴ്ച രാത്രി യൂത്ത് കോണ്‍ഗ്രസ് –ഡിവൈഎഫ്ഐ ഏറ്റുമുട്ടലിനിടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രാഹുലിനെ ആക്രമിച്ചത്. 

 

ഡിവൈഎഫ്‌ഐ യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. ആക്രമണത്തിൽ സിപിഎം കൊടുമൺ ലോക്കൽ സെക്രട്ടറി സോബി ബാലൻ അടക്കമുള്ളവർ അറസ്റ്റിലായി . ഏഴംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഡിവൈഎഫ്‌ഐ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിനെ തുടർന്നായിരുന്നു സംഘര്‍ഷം തുടങ്ങിയത്. 

 

ഏഴംകുളത്ത് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തിയ എസ്‌എഫ്‌ഐ – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർ മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാൻ വന്ന നുബിന്‍ എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു. ഇത് ചോദ്യം ചെയ്യാനെത്തിയ മറ്റു രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ആക്രമിച്ചു. മർദ്ദനമേറ്റ് നുബിന്റെ ഒരു പല്ല് ഒടിഞ്ഞു.  തൊട്ടുപിന്നാലെ അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ  ആക്രമിക്കുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലും സംഘത്തില്‍ ഉണ്ടായിരുന്നു എന്നാണ് പരാതി.  

 

ഇതില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ, ഫെന്നി നൈനാന്‍ എന്നിവരടക്കം 22 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സർക്കാർ ആശുപത്രിയിലെ സംഘര്‍ഷത്തിന് ശേഷം ഡിവൈഎഫ്‌ഐ സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ച് നുബിന്‍ ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രിയിലെത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചും കല്ലെറിഞ്ഞു. സംഭവസ്ഥലത്തെത്തിയ അടൂർ ഏരിയ സെക്രട്ടറി എസ് മനോജിനെ സംഘം മര്‍ദ്ദിച്ചു, കാറും തകര്‍ത്തു. 

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണങ്ങള്‍ നടത്തിയതെന്ന് സിപിഎമ്മും എസ്‌എഫ്‌ഐയും ആരോപിച്ചു.

 

സിപിഎമ്മാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നും അടിച്ചാല്‍ തിരിച്ചടി ഉണ്ടാകുമെന്നും രാഹുല്‍ മാങ്കൂട്ടത്തിലും പറഞ്ഞു. കോണ്‍ഗ്രസില്‍ ഇല്ലെങ്കിലും മര്‍ദ്ദനമേറ്റവര്‍ തന്റെ സഹപ്രവര്‍ത്തകരാണ്. അവരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് എത്തിയതെന്നും രാഹുല്‍ പറഞ്ഞു. 

 

രാത്രി ഏറെ നേരം സംഘര്‍ഷം തുടര്‍ന്നിരുന്നു. വിവിധയിടങ്ങളില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിൽ മൂന്ന് കേസുകൾ പൊലീസ് എടുത്തു.

 

ENGLISH SUMMARY:

Rahul Mamkootathil attack footage has been released by CPM, capturing the intense clashes between Youth Congress and DYFI workers in Adoor, Pathanamthitta. The political confrontation escalated following a series of violent incidents and hospital altercations, leading to multiple police cases.