ചിത്രം: കേരള പൊലീസ്

തമിഴ്‌നാട്ടില്‍ റീലിട്ട് പണികിട്ടിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറെ ഓര്‍മ്മയില്ലേ? എന്നാല്‍ സൂക്ഷിച്ചോളാന്‍ പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. സോഷ്യൽ മീഡിയയിലെ തമാശകൾക്കും ട്രെൻഡുകൾക്കും ഒപ്പം കൂടുമ്പോൾ നാം പലപ്പോഴും മറന്നുപോകുന്നത് സ്വന്തം സുരക്ഷയാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. കമന്റ് ബോക്സുകളിലും ലൈവുകളിലും ഒരു നേരത്തെ കൗതുകത്തിന് മേൽവിലാസവും ഫോൺ നമ്പറും പങ്കുവെക്കുമ്പോൾ, ലക്ഷക്കണക്കിന് അപരിചിതർക്കൊപ്പമാണ് നമ്മുടെ സ്വകാര്യത തുറന്നുവെക്കപ്പെടുന്നത് എന്ന് പൊലീസ് ഓര്‍മ്മിപ്പിക്കുകയാണ്.

ഇത്തരം പബ്ലിക് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ശേഖരിക്കപ്പെടുന്ന വ്യക്തിവിവരങ്ങൾ ഉപയോഗിച്ചാണ് സൈബർ തട്ടിപ്പുകാർ വ്യാജ കൊറിയർ സ്കാമുകൾ, സാമ്പത്തിക തട്ടിപ്പുകൾ, ഭീഷണിപ്പെടുത്തലുകൾ എന്നിവ ചെയ്യുന്നത്. ഡിജിറ്റൽ ലോകത്ത് സ്വകാര്യത എന്നത് അവകാശമല്ല, ഉത്തരവാദിത്തം കൂടിയാണ്. അതിനാൽ മേൽവിലാസവും നമ്പറുമടങ്ങുന്ന വ്യക്തിഗത വിവരങ്ങൾ ഒരുകാരണവശാലും സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്താതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും കേരള പൊലീസ് ഓര്‍മ്മിപ്പിക്കുന്നു.

വീരമണിക്ക് സംഭവിച്ചത്:

ദീപാവലിക്ക് മധുരം കഴിക്കണമെന്ന ആഗ്രഹം പറഞ്ഞ് സോഷ്യൽ മീഡിയയിൽ റീൽ പങ്കിട്ടതിന് പിന്നാലെയാണ് തമിഴ്നാട് മധുര സ്വദേശി വീരമണിക്ക് എട്ടിന്റെ പണി കിട്ടിയത്. ആരെങ്കിലും ഒരു ബോക്സ് സ്വീറ്റ്സ് ഓര്‍ഡർ ചെയ്തു നൽകണമെന്ന് അഭ്യർഥിച്ച് വിലാസവും ഫോൺ നമ്പറും സഹിതം വീരമണി ഇൻസ്റ്റാഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ പിന്നീട് നടന്നത് ഓർഡറുകളുടെ പ്രളയമായിരുന്നു. വിഡിയോ കണ്ട് മനസലിഞ്ഞ ചിലർ യഥാർഥത്തിൽ സ്വീറ്റ്സ് ഓർഡർ ചെയ്തു നൽകിയെങ്കിലും പിന്നീട് സംഗതി കൈവിട്ടുപോയി.

ആദ്യമൊക്കെ ഫ്രീയായി സ്വീറ്റ്സ് ബോക്‌സുകൾ വീട്ടിലെത്തിയെങ്കിലും പിന്നീട് പഴം, പാൽ, പച്ചക്കറി, തുണി, ഭക്ഷണം തുടങ്ങി ടിവിയും റഫ്രിജറേറ്ററും വരെ വീരമണിയുടെ വീട്ടിൽ ഡെലിവറിക്കായി എത്തി. എന്നാൽ ഇവയെല്ലാം ക്യാഷ് ഓൺ ഡെലിവറി ആയിരുന്നു! ഓൺലൈൻ ഓർഡറുകൾക്ക് പുറമെ മാട്രിമോണിയൽ പ്ലാറ്റ്‌ഫോമുകളിലും വീരമണിയുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടു. ഇതിനെല്ലാം പുറമേ, ഒരാൾ സൗജന്യ വൃക്ക ദാനത്തിനായി വീരമണിയുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്തു. ആളുകൾ വൃക്ക ചോദിച്ച് ഫോണിൽ വിളിച്ചുതുടങ്ങിയതോടെയാണ് കാര്യം കൈവിട്ടുപോയ വിവരം വീരമണി മനസ്സിലാക്കിയത്.

ഇതോടെ ഇനി ആരും ഓർഡർ ചെയ്യരുതെന്ന് അപേക്ഷിച്ച് വീരമണി വീണ്ടും വൈകാരികമായി മറ്റൊരു റീലുമായി രംഗത്തെത്തി. വീട് വിട്ട് പോകേണ്ട ഗതികേടാണെന്നാണ് വീരമണി പറയുന്നത്. വന്ന ഓർഡറുകളെല്ലാം കാൻസലാക്കേണ്ടി വന്നതോടെ ഓൺലൈൻ ഡെലിവറി ഏജന്റുകളും കടുത്ത അമർഷം പ്രകടിപ്പിച്ചു. പ്രാങ്ക് ആണെങ്കിലും പലരുടെയും ജോലിയും സമയവും വെറുതെ നഷ്ടപ്പെടുത്തിയതിനെതിരെ സൈബറിടത്ത് വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഇൻസ്റ്റാഗ്രാമിൽ രണ്ടു ലക്ഷത്തോളം ഫോളോവേഴ്‌സുള്ള വീരമണിക്ക് യൂട്യൂബ് ചാനലുമുണ്ട്.

ENGLISH SUMMARY:

Kerala Police have issued a stern warning to social media users regarding the dangers of sharing personal details like phone numbers and home addresses online for trends or pranks. The advisory comes in the wake of a viral incident in Tamil Nadu where an influencer named Veeramani faced immense harassment after posting a reel asking for free sweets. Following the video, unknown pranksters flooded his home with unsolicited cash-on-delivery orders, appliances, and even registered his details for kidney donation. Authorities have emphasized that digital privacy is a personal responsibility to safeguard against severe cyber frauds and scams.