ഷൊര്‍ണൂര്‍–തിരുവനന്തപുരം വേണാട് എക്സ്പ്രസിലെ ദുരിതയാത്രയില്‍ വലഞ്ഞ് യാത്രക്കാര്‍. തിങ്ങിനിറഞ്ഞ കോച്ചുകളിൽ കയറിപ്പറ്റാൻ പോലും കഴിയാത്ത സ്ഥിതിയാണ്. വേണാടിന് മുൻപ് പുതിയൊരു ട്രെയിനെന്ന യാത്രക്കാരുടെ ദീർഘകാല ആവശ്യം റെയിൽവേ പരിഗണിക്കുന്നില്ലെന്നാണ് പരാതി.
ശ്വാസംമുട്ടുന്ന തിരക്ക്.... തിങ്ങിനിറഞ്ഞ കോച്ചുകൾ... ചവിട്ടുപടിയിൽ തൂങ്ങിപ്പിടിച്ചുള്ള അപകടയാത്ര... വാതിൽപ്പടി വരെ നിറഞ്ഞെത്തുന്ന ട്രെയിനിലേക്ക് ഇരുവശത്തുനിന്നും യാത്രക്കാർ ഇടിച്ചുകയറുന്ന സാഹചര്യം. വേണാട് എക്സ്പ്രസിലെ ദുരിതയാത്ര തുടങ്ങിയിട്ട് കാലങ്ങളായി. ശ്വാസം വിടാൻ പോലും ഇടമില്ലാത്ത കോച്ചുകളിൽ നിന്ന് ഇറങ്ങാൻ പോലും കഴിയാതെ യാത്രക്കാർ വലയുകയാണ്.
ട്രെയിനിലെ തിരക്ക് കണ്ട് പ്ലാറ്റ്ഫോമിൽനിന്ന് മടങ്ങിപ്പോകുന്നവരും പതിവ് കാഴ്ചയാണ്. ജീവൻ പണയംവെച്ചുള്ള ഈ യാത്രയ്ക്ക് പരിഹാരമായി വൈകുന്നേരം വേണാടിന് മുൻപ് ഒരു ട്രെയിൻ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.