മരിച്ച ശേഷവും രോഗികളെ വെന്റിലേറ്ററിലിട്ട് സ്വകാര്യ ആശുപത്രികൾ പണം പിടുങ്ങുന്നുവെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്‍റെ പരാമർശത്തിൽ വിവാദം. മരിച്ചശേഷവും ശരീരം വെന്റിലേറ്ററിൽ ഘടിപ്പിച്ചിരുന്നാൽ അത് ജീർണിക്കില്ല, പകരം ജീവനുള്ളത് പോലെ തോന്നിക്കുമെന്നത് കാലങ്ങളായുള്ള അബദ്ധ ധാരണയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരവില്ലെന്ന് ഉറപ്പുള്ള രോഗികളുടെ വെന്റിലേറ്റർ സപ്പോർട്ട് നിലനിർത്തുന്നത് അന്യായമാണെന്നും ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.
അനാവശ്യമായി ആൻജിയോപ്ലാസ്റ്റി നടത്തുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുമ്പോഴാണ് വെന്റിലേറ്റർ ഉപയോഗത്തിന്റെ പേരിലും കൊള്ള നടക്കുന്നു എന്ന് കെ. മുരളീധരൻ തുറന്നടിച്ചത്. പിന്നാലെ മന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. മനുഷ്യന് സ്വയം ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ ശ്വാസകോശത്തിന് കൃത്രിമമായി വായുവും ഓക്സിജനും എത്തിക്കാൻ സഹായിക്കുന്ന ഒരു ഉപകരണം മാത്രമാണ് വെൻ്റിലേറ്റർ എന്ന് വിദഗ്ധർ വിശദീകരിക്കുന്നു. നിപ ബാധിച്ചും, ഗുരുതരമായ അപകടങ്ങളിൽ പെട്ടും വെന്റിലേറ്ററിലായവർ തിരികെ ജീവിതത്തിലേക്ക് വന്ന നിരവധി സംഭവങ്ങളും വിദഗ്ധർ എടുത്തു കാണിക്കുന്നുണ്ട്.
എന്നാൽ, രോഗി ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധ്യതയില്ലെങ്കിൽ അത് കൃത്യമായി ബന്ധുക്കളെ അറിയിക്കണമെന്നും വെന്റിലേറ്റർ സഹായത്തിൽ ജീവൻ നിലനിർത്തി പണം ഈടാക്കുന്നത് നീതിയല്ലെന്നും കൂടി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രോഗികൾ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധ്യതയില്ലെന്ന കാര്യം അറിയിക്കാതെ ലക്ഷങ്ങള്‍ ആശുപത്രി ബില്ലായി ഈടാക്കിയതിനെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട് എന്നാണ് ആരോഗ്യ വിശദീകരിക്കുന്നത്. ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കാൻ നിയമസഭയിൽ ബിൽ കൊണ്ടുവരാനാണ് ആരോഗ്യ വകുപ്പ് നീക്കം നടത്തുന്നത്.