കാസർകോട് കേന്ദ്ര സർവകലാശാലയില്‍ വിദ്യാർഥി സംഘടനാ നേതാക്കളെ സസ്‌പെൻഡ് ചെയ്തതില്‍ പ്രതിഷേധം തുടരുന്നു. വൈസ് ചാൻസലറുമായി ആറംഗ വിദ്യാർഥി പ്രതിനിധിസംഘം തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. അനുകൂല നടപടിയില്ലെങ്കിൽ നിരാഹാര സമരത്തിലേക്കെന്ന് വിദ്യാർഥികള്‍.

കാസർകോട് കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം സെമിനാറിലെ പ്രതിഷേധത്തെത്തുടർന്ന് വിദ്യാർഥി യൂണിയൻ സംഘടന നേതാക്കളെ സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ വിദ്യാർഥികൾ പ്രതിഷേധം തുടരുന്നു. വിദ്യാർഥികൾ  പ്രതിഷേധം ശക്തമാക്കിയതോടെ സസ്പെൻഷൻ നടപടിയിൽ സർവകലാശാല അന്വേഷണ സമിതി രൂപീകരിച്ചിരുന്നു. പ്രശ്നപരിഹാരത്തിന് തിങ്കളാഴ്ച വൈസ് ചാൻസലറുമായി ആറംഗ വിദ്യാർഥി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്താനാണ് തീരുമാനം.

സസ്‌പെൻഷൻ പിൻവലിക്കുന്നതിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നിരാഹാര സമരം അടക്കമുള്ള ശക്തമായ നടപടികളിലേക്ക് പോകാൻ ആണ് വിദ്യാർഥികളുടെ തീരുമാനം. ആർ.എസ്.എസിന്റെ ബൗദ്ധിക വിഭാഗമായി വിശേഷിപ്പിക്കപ്പെടുന്ന ‘പ്രജ്ഞാ പ്രവാഹി’ന്റെ ദേശീയ കൺവീനർ ജെ.നന്ദകുമാർ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷകനായി പങ്കെടുക്കുന്നതിനെതിരെയായിരുന്നു വിദ്യാര്‍ഥിസംഘടനകള്‍ രംഗത്തെത്തിയത്.

ആർ.എസ്‌.എസ് ആഭിമുഖ്യമുള്ള അഖില ഭാരതീയ സാഹിത്യ പരിഷത്ത് സഹസംഘാടകരായതും വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് ബലമേകി. പരിപാടിക്കെതിരെ ഇടത്-വലത് വിദ്യാര്‍ഥിസംഘടനകള്‍ ഒന്നിച്ച് പ്രതിഷേധിച്ചു. വിദ്യാര്‍ഥി പ്രതിഷേധം അവഗണിച്ച് പരിപാടിയുമായി മുന്നോട്ടുപോയതും സമാപനദിവസം പ്രതിഷേധിക്കുന്നവരെ കേരള ഗവര്‍ണര്‍ രാജ്യദ്രോഹികളായി മുദ്രകുത്തിയെന്ന ആരോപണവും പ്രതിഷേധത്തിന് ആക്കം കൂട്ടുന്നു. 

ENGLISH SUMMARY:

ongoing protests by students at the Central University of Kerala following the suspension of student union leaders. The students are planning a hunger strike if the Vice-Chancellor refuses to revoke the suspension during their upcoming Monday meeting.